May 1, 2008

നിനക്ക് ഞാന്‍.....തെലുങ്ക് കവിത


നിനക്കു ഞാന്‍
ശരീരം മൂടാന്‍
സമുദ്രം നല്‍കാം.
അപ്പോള്‍,
നീ നിലയില്ലാത്ത ചിന്തകളില്‍ മുഴുകി
വിശ്വാസത്തിന്റെ ശരീരമായി തീരും.

പാദങ്ങളിലണിയാന്‍
നിനക്ക് ഞാന്‍
റോഡുകള്‍ നല്‍കാം
അപ്പോള്‍,
പട്ടിണിയുമായി ജാഥ നടത്തുന്ന ആള്‍ക്കൂട്ടത്തില്‍
നീ കോപത്തിന്റെ ചുരുട്ടിപ്പിടിച്ച കൈയാവും.

നിനക്ക് ഞാന്‍ ആകാശം നല്‍കും.
ഒടിച്ചുമടക്കി അതു നിന്റെ ശിരസ്സിനുള്ളില്‍ തിരുകും.
അപ്പോള്‍,
മദിച്ച കാളകളെപ്പോലെ ഗ്രഹങ്ങള്‍
നിന്റെ ഈണത്തിനനുസരിച്ചു തുള്ളും.
ഉള്ളം കൈയില്‍ നക്ഷത്രങ്ങള്‍
വെണ്ണപോലെ തുളുമ്പും.

നിനക്ക് ഞാന്‍ കൊടി നല്‍കും.
ചുരുളുകളഴിച്ച് അതു നിന്റെ ശ്വാസത്തിലുയര്‍ത്തും.
അപ്പോള്‍,
തീപ്പന്തങ്ങള്‍ പോലെ
കനവുകള്‍ പുറപ്പെട്ടുവരും.
ഗുഹകളിലെന്നപോലെ
കുടിലുകളില്‍ നിന്ന് മാറ്റൊലികളുയരും.

സി നാരായണ റെഡ്ഡി

1931-ല്‍ ജനിച്ചു. കവിയും വിമര്‍ശകനും. സാഹിത്യ അക്കാദമി അവാര്‍ഡും
(1973‍) പദ്മശ്രീയും (1977) ജ്ഞാനപീഠവും (1988) പദ്മവിഭൂഷണും (1992)
ലഭിച്ചിട്ടുണ്ട്. ഋതുചക്രം, വിശ്വംഭര, ഗഡിലോ സമുദ്രം, പ്രപഞ്ചപാടലു,
ധാരാളം ഗ്രന്ഥങ്ങള്‍.

12 comments:

t.k. formerly known as thomman said...

നല്ല കവിത. തെലുങ്കില്‍ നിന്ന് നേരെ വിവര്‍ത്തനം ചെയ്തതാണോ?

മൂര്‍ത്തി said...

റോഡുകള്‍ എന്നത് മാറ്റി മലയാള പദം ആക്കിക്കൂടേ?

Unknown said...

നല്ല വരികള്‍

പാമരന്‍ said...

നല്ല വരികള്‍ മാഷെ. റെഡ്ഡിയെ പരിചയപ്പെടുത്തിയതിനു നന്ദി.

വെള്ളെഴുത്ത് said...

:) മെയ്‌ദിന സ്പെഷ്യലായിരുന്നു. സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത GESTURE എന്ന അക്കാദമി പ്രസിദ്ധീകരണത്തില്‍ നിന്നാണ്. ഇംഗ്ലീഷില്‍ നിന്നാണ് വിവര്‍ത്തനം. അതുകൊണ്ടല്പം ദുഃസ്വാതന്ത്ര്യം വന്നുപോയിട്ടുണ്ട്. മൂര്‍ത്തീ, ‘നിരത്തെ‘ന്ന പദത്തെ, പോസ്റ്റു ചെയ്തതിനു ശേഷം തിരിച്ചിറക്കി റോഡ് എന്നാക്കിയതാണ്. ടാറിന്റെയും കറുപ്പിന്റെയും പൊള്ളിച്ചയുടെയും പണിയുടെയും അനുഭവം തണലുവീണുകിടക്കുന്ന പാവം നിരത്തിനില്ല. അതുകൊണ്ടാണ് റോഡാക്കിയത്.

siva // ശിവ said...

നല്ല വരികള്‍...നന്നായി...

Suraj said...

കവിതയ്ക്ക് ശക്തമായ നെരൂദാ ടച്ച് ഉണ്ട്. എങ്കിലും മെറ്റഫറുകള്‍ മടുപ്പിക്കുന്നില്ല.
പോസ്റ്റിനു വെള്ളെഴുത്തിന് നന്ദി.

Unknown said...

മാഷെ വീണ്ടും അങ്ങയുടെ കവിത വായിച്ചിട്ട് പോകാന്‍ വന്നതാണ്

അനോണിമാഷ് said...

എനിക്കും മൊഴിമാറ്റ കവിതകള്‍ പെരുത്തിഷ്ടാണ് :)

The Prophet Of Frivolity said...

ഏതെങ്കിലും രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വരാത്ത സമുദ്രമോ,ടോള്‍ പിരിവില്ലാത്ത റോഡോ, വ്യോമാതിര്‍ത്തിയില്‍
പെടാത്ത ആകാശമോ,കൊടിക്കായി ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത ചായക്കൂട്ടോ ബാക്കിയുണ്ടാവണം. ഉണ്ടാവും.
എന്തൊരു ശക്തി,എന്തൊരു ഊര്‍ജം, എന്തൊരു വ്യഗ്രത,എന്തൊരു ഉത്ക്കണ്ഠ!

നന്നായി മാഷെ...

Jayasree Lakshmy Kumar said...

വിവര്‍ത്തനത്തിന്റെ കല എത്ര മനോഹരമാണെന്ന് വി എസ് ഘാണ്ടേക്കറുടെ ‘യയാതി’ യുടെ മളയാളവിവര്‍ത്തനം വായിച്ചപ്പോഴാണ് ആദ്യമായി മനസ്സിലാക്കുന്നത്. ദാ ഈ വിവര്‍ത്തനവും മനോഹരമായിരിക്കുന്നു

വെള്ളെഴുത്ത് said...

അനൂപേ രണ്ടു പ്രാവശ്യം വായിച്ചോ?സൂരജേ, താങ്കള്‍ ഇടപെടേണ്ടിയിരുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു “കണ്ണാടികള്‍ ചുറ്റിലും” പക്ഷേ ആ ഏരിയയില്‍ കണ്ടില്ല. എന്തുപറ്റിയോ ആവോ ! ശിവാ നന്ദി. പ്രവാചകാ, അങ്ങനെ ചിലതുണ്ടാവും, എവിടെയെങ്കിലും. കണ്ടെടുക്കാന്‍ കവികളും. ലക്ഷ്മീ , അനോനിമാഷിന്റെ പോസ്റ്റു കണ്ടോ ? അതു കണ്ടാല്‍ പിന്നെ ഇങ്ങനെ പറയാന്‍ തോന്നത്തില്ല. :)