April 27, 2009

ഇണ്ടനമ്മാവന്റെ കാലിലെ ചെളി



പതിനഞ്ചാം ലോകസഭാതെരെഞ്ഞെടുപ്പിന്റെ ഫലലബ്ധിയ്ക്കു ശേഷം എത്രയാഴ്ചകളെടുക്കും എന്നറിയില്ല ഇനിയൊരഞ്ചുവര്‍ഷത്തേയ്ക്ക് (ചില സൈസ് തീരുമാനങ്ങള്‍ കൊണ്ട് പലപ്പോഴും അതിനുമപ്പുറത്തേയ്ക്ക്...) ഇന്ത്യയുടെ തലയിലെഴുത്തുകള്‍ തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാന്‍ കരുത്തും തിണ്ണമിടുക്കും ശേമുഷിയുമുള്ള ഒരു മുന്നണി രൂപീകൃതമായി വരാന്‍. 1989 നു മുന്‍പുണ്ടായിരുന്ന രാഷ്ട്രീയകാലാവസ്ഥയിലെന്നപോലെ വലിയ ഒറ്റകക്ഷിയാവുക എന്ന ആഗ്രഹം ഇത്തവണയും പതിവുപോലെ തലയെണ്ണം കൂടിയ ദേശീയപാര്‍ട്ടികള്‍ക്ക് അട്ടത്തു തൂക്കേണ്ടിവരുമെന്നു പറയേണ്ടിവരുന്നതില്‍ അല്പം അഭിമാനിക്കാനൊക്കെ വകയുണ്ട്, ജനാധിപത്യത്തിന്റെ പേരില്‍. തെക്കനും കിഴക്കനുമൊക്കെയായ സംസ്ഥാനങ്ങളിലേയ്ക്ക് ഉത്തരേന്ത്യന്‍ ഗോസായിമാരുടെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയത്, പ്രാദേശികകക്ഷികള്‍ക്ക് കൈവന്ന ഊറ്റത്തോടെയാണ്. പക്ഷേ അതോടൊപ്പം പരസ്പരം തിരിഞ്ഞു നില്‍ക്കുന്ന, തമ്മിലടിക്കാന്‍ പഴുതുകള്‍ വളരെയുള്ള ഈ ഒറ്റയാന്‍ കൂട്ടങ്ങളെ ഒരു ബെല്‍റ്റിട്ട് മുറുക്കുന്നതെങ്ങനെയെന്നത്, ആരാണ് മണികെട്ടാന്‍ മുന്‍ കൈയെടുക്കുകയെന്നത്, എന്തിനാണ് അങ്ങനെ കച്ചകെട്ടി പുറപ്പെടുന്നത് എന്നുള്ളത് ഒക്കെ ആലോചനകളിലെ കീറാമുട്ടികളാണ് ചൂണ്ടുവിരലില്‍ കറുത്തഗോപിക്കുറിയുമായി മാനം നോക്കിനടക്കുന്ന പരബ്രഹ്മങ്ങള്‍ക്ക്. അതുകൊണ്ട് ഭൂരിപക്ഷം ആലോചനയേ വേണ്ടെന്നു വച്ചിട്ടുണ്ട്. ചെയ്യാനുള്ളത് ചെയ്തു, ഇനി അവരായി അവരുടെ പാടായി എന്നൊരു നിലപാടിലൂടെയാണ് ഇന്ത്യയില്‍ അരാഷ്ട്രീയതയുടെ പാടങ്ങളില്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിയുന്നത്.

വിരിയട്ടേ, അല്ലാതെന്തു ചെയ്യാന്‍ പറ്റും? പറ്റില്ല. ഈ വഴിയാണു ശരി, നിങ്ങളും ഈ വഴിയ്ക്ക് ആലോചിച്ചാല്‍ മതി എന്നു പറയുന്ന ഒരു ന്യൂനപക്ഷത്തെ കണക്കിലെടുത്തിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം എന്നതു തന്നെ ഒരു മുതലാളിത്ത ആശയമാണ്. അതിന്റെ ചെലവില്‍ സമഗ്രാധിപത്യത്തെ കലവറയില്ലാതെ പുകഴ്ത്തുക എന്നത് ഇന്ത്യയിലെ പലതരം വൈരുദ്ധ്യങ്ങളില്‍ ഒന്നായി കാണണം. മതേതരത്വം പോലെ ഒരുപാട് ആലോചനകള്‍ക്ക് വഴിമരുന്നിടുന്ന വിഷയമാണിത്. അത് മറ്റൊരിക്കലാവട്ടെ, തെരെഞ്ഞെടുപ്പിനു ശേഷമുള്ള എക്സിറ്റ് പോള്‍, സെഫോളജിസ്റ്റ് ബഹളങ്ങള്‍ ഇത്തവണ കുറവാണ്. അതുകൊണ്ട് മേയ് പകുതി വരെ ഫലം കാത്തിരിക്കയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇതിനിടയ്ക്ക് ദി വീക്കു് - സീ വോട്ടര്‍ സര്‍വേയില്‍ എന്‍ സി പി യുടെ 13-ഉം സമാജ് വാദിയുടെ 32 ഉം ചേര്‍ത്ത് യു പി എ യ്ക്ക് 234 സീറ്റു കിട്ടും എന്ന് ഒരു പ്രവചനം കണ്ടു. എന്‍ ഡി എ യ്ക്ക് 186-ഉം. പക്ഷേ സമാജ് വാദിയോ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയോ യു പി എയില്‍ തന്നെ നില്‍ക്കും എന്ന് ഉറപ്പൊന്നുമില്ല, ഫലം വന്നതിനു ശേഷം. അങ്ങനെ വന്നാല്‍ 189 ആയിരിക്കും കോണ്‍ഗ്രസ്സിനു കിട്ടാന്‍ പോകുന്ന സീറ്റ്. കേവലഭൂരിപക്ഷം കോണ്‍ഗ്രസ്സിനോ ബി ജെപിയ്ക്കോ ഒറ്റയ്ക്ക് കിട്ടില്ലെന്ന് വന്നാല്‍ മുന്നണി തന്നെ ശരണം. എങ്കില്‍പ്പിന്നെ എന്തിനാണ് ഒറ്റയാന്മാരെ താങ്ങുന്നത് ചെറുതുകള്‍ക്കെല്ലാം ചേര്‍ന്ന് ഒരു കോട്ട കെട്ടരുതോ? എന്നാല്‍ മൂന്നാം മുന്നണി സ്വപ്നം മാത്രമാണെന്ന് ആന്റണി പറയുന്നതുകേട്ടാണ് വി കെ ശ്രീരാമന്‍ ചിരിച്ചത്. സ്വപ്നം കാണാന്‍ ഒരു ഇന്ത്യക്കാരന് അവകാശമില്ലേ? അതിനുമാത്രമല്ലേ അവകാശമുള്ളൂ?

പക്ഷേ സ്വപ്നം സാധാരണക്കാരുടെ മാത്രം കുത്തകയല്ല. രാഷ്ട്രീയക്കാരും കാണുന്നുണ്ട്. ഗുജറാത്തില്‍ നിന്നുള്ള അദ്വാനിയെയും പഞ്ചാബില്‍ നിന്നുള്ള മന്‍മോഹന്‍ സിംഗിനെയും മാത്രമല്ല ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായവതിയായ തന്നെയും പ്രധാനമന്ത്രിപ്പദത്തിനായി പരിഗണിക്കാമെന്നാണ് ബഹന്‍‌ജി തന്നെ പറയുന്നത്. രാജ്യത്തെ ഏറ്റവുമധികം മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു നിന്ന് മത്സരിക്കുന്ന പാര്‍ട്ടിയാണ് ബി എസ് പി. കഴിഞ്ഞ തവണ 435 ഇടങ്ങളില്‍. കോണ്‍ഗ്രസ്സിനേക്കാള്‍ 18 ഇടത്ത് കൂടുതല്‍. പക്ഷേ കിട്ടിയ സീറ്റുകള്‍ 19 ഉള്ളൂ. ഇത്തവണ കൂടും. ഏറ്റവുമധികം ക്രിമിനലുകളെ രംഗത്ത് സ്ഥാനാര്‍ത്ഥിയാക്കി ഇറക്കിരിക്കുന്നതും പണച്ചാക്കുകളെ അണിനിരത്തിയിരിക്കുന്നതും ബഹന്‍‌ജിയാണ്. ജാതിരാഷ്ട്രീയവും പണവും ആദര്‍ശവുമായി കൈകോര്‍ത്ത് എത്രദൂരം മുന്നോട്ടു പോകും? മായാവതിയുടെ കണ്ണ് പ്രധാനമന്ത്രിപദത്തിലും. ലോകസഭയിലെ കഴിഞ്ഞത്തവണത്തെ മൂന്നാമത്തെ വലിയകക്ഷിയായ സി പി എം അത്രയോ അതില്‍ കൂടുതലോ സീറ്റു നേടി വന്ന് സ്വന്തം നേതൃത്വത്തില്‍ തന്നെയായിരിക്കുമോ ഇത്തവണയും ഒരു മൂന്നാം മുന്നണി നിര്‍മ്മിച്ചെടുക്കുക എന്ന കാര്യവും ഉറപ്പില്ല, അതും കുതിരക്കച്ചവടങ്ങളൊന്നും കൂടാതെ. എങ്കിലും മൂന്നാം മുന്നണി രൂപീകരണത്തില്‍ ഇടതുകക്ഷികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നിലവില്‍ സാധ്യമല്ല. മതേതരത്വം മുഖ്യ അജണ്ടയാക്കുകയാണെങ്കില്‍ സി പി എം, ഡി എം കെയെ കൂടെ നിര്‍ത്തണം. ജയലളിതയുടെ പാര്‍ട്ടി, അയ്യങ്കാര്‍ കക്ഷിയാണെന്ന സംസാരം ഇടവഴികളിലുണ്ട്. പക്ഷേ മുഖത്തോടു മുഖം നോക്കാത്ത മുന്നേറ്റ കഴകങ്ങള്‍ ഒന്നിച്ച് ഒരു മേശയ്ക്കു ചുറ്റും ഒന്നിച്ച് ഇരിക്കില്ല. മുലായത്തിന്റെ സമാജ് വാദി ഇപ്പോള്‍ തന്നെ വിവാദച്ചുഴിയിലാണ്, പ്രകടനപത്രികയുടെ കാര്യത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക എന്നതാണ് മുലായത്തിന്റെ ഒരു വാദം. തെരെഞ്ഞെടുപ്പ് അനുബന്ധ അഴിമതിയുടെ കാര്യത്തില്‍ അത്ര പേരുകേള്‍പ്പിച്ചിട്ടില്ലാത്ത സി പി എം, സി പി ഐ പാര്‍ട്ടികളുടെ മുഖ്യബലം പാര്‍ട്ടി ഭരിക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരാണ്. മധ്യവര്‍ഗികളായ ഭദ്രാലോക്. അവരെ തൊട്ടുള്ള കളി അപകടമാണെന്ന് മറ്റാരെക്കാളും കൂടുതലായി ഇടതുകക്ഷികള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഭരണത്തിലെത്തിയാല്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് വാഗ്ദാനങ്ങളെ അപ്പാടെ വിഴുങ്ങാന്‍ പറ്റുമോ? ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയെ ഇല്ലാതാക്കാല്‍ വഴിയേ.... മുലായംസിംഗ്, മായാവതിയെ സംബന്ധിച്ചിടത്തോളം ജയലളിതയ്ക്ക് കരുണാനിധി എന്ന പോലെയാണ്. ആ നിലയ്ക്കും ഒരു കടമ്പയുണ്ട്. ലാലുപ്രസാദ്, മന്‍മോഹന്‍ സിംഗിനെ വിമര്‍ശിച്ചു തുടങ്ങിയത് മൂന്നാംമുന്നണിയുടെ ക്യാമ്പില്‍ റാന്തല്‍ വെളിച്ചങ്ങള്‍ നിറക്കുന്നുണ്ടെന്നുവച്ച് ലാലുവിലേയ്ക്കുള്ള വഴി തെളിഞ്ഞു എന്ന് അര്‍ത്ഥമില്ല. അതു കണ്ടു തന്നെ അറിയണം.

കൂട്ടം ചേരുകയും പിന്‍‌വലിയുകയും ചെയ്യുക എന്നത് രാഷ്ട്രീയത്തെ വല്ലാതെ കസേരകളിയാക്കുന്നുണ്ട്. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടത്തിനു കഴിഞ്ഞവര്‍ഷം നമ്മുടെ ലോകസഭസാക്ഷ്യം വഹിച്ചത് ഒരു പിന്മാറ്റത്തെ തുടര്‍ന്നാണ്. സ്ഥാനം നിലനിര്‍ത്താന്‍ ഭരണപക്ഷം ചെലവഴിച്ച തുക ആത്യന്തികമായി കെട്ടി ഏല്‍പ്പിക്കപ്പെടുന്നത് തിരുവായ്ക്ക് മറുവാ ഇല്ലാത്ത ദരിദ്രനാരായണ-നാരായണിമാരുടെ ശിരസ്സിങ്കലാണെന്ന് അറിയാന്‍ വയ്യാത്തവരാര്? ( പാര്‍ട്ടിയുടെ മൂലധനനിക്ഷേപങ്ങളൊന്നുമായിരിക്കില്ലല്ലോ പാര്‍ലമെന്റില്‍ നോട്ടുകെട്ടുകളായി ഒഴുകിയത്..അതുകഴിഞ്ഞ് ഒരാഴ്ചപോലുമെടുത്തില്ല പ്രോവിഡന്റ് ഫണ്ടുകള്‍, കോര്‍പ്പറേറ്റു ഗ്രൂപ്പിനു കൈമാറാന്‍. ആലോചിക്കുക, കോര്‍പ്പറേറ്റുരാജിനെതിരെയുള്ള പ്രതിഷേധം എങ്ങനെ രാജ്യത്തു കോര്‍പ്പറേറ്റു വാഴ്ചയ്ക്കു പരവതാനി വിരിക്കുന്നു എന്ന്.) ഇന്തോ- അമേരിക്കന്‍ ആണവക്കരാറിനെ എതിര്‍ത്ത് ഇടതുകക്ഷികള്‍ പിന്മാറിയപ്പോള്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ താഴെപ്പോയെന്നു വിചാരിക്കുക. 1300 -ല്‍പ്പരം കോടിയുടെ മറ്റൊരു തെരെഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തേയാവും അല്ലാതെന്ത്? അപ്പോഴും നഷ്ടം ..........പാര്‍ട്ടികള്‍ പ്രധാനമാവുന്നു, രാജ്യം പ്രധാനമല്ലാതായിത്തീരുകയും ചെയ്യുന്ന പരിണതിയിലേയ്ക്കാണ് നമ്മള്‍ അതിവേഗം ബഹുദൂരം പൊയ്ക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വളര്‍ത്തുന്നതിനെക്കുറിച്ചല്ലാതെ രാജ്യത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. മരം വെട്ടിമുറിക്കുന്നതിനെ എതിര്‍ക്കുന്നതു നല്ലത്. പക്ഷേ കൂടെ ഒരു ചെടി വച്ചു പിടിപ്പിക്കാന്‍ ആര്‍ക്കും തോന്നാത്തതെന്ത്? പ്രാദേശികവും പ്രാന്തീയവുമായ കക്ഷികളുടെ മുന്നണി ഒരു യാഥാര്‍ഥ്യം തന്നെയായാലും (ജനാധിപത്യരീതിയില്‍ അതൊരു വലിയ കാര്യം തന്നെയാണ് സംശയമില്ല) പല ദിശകളിലേക്ക് പോകുന്ന കുതിരകളെക്കെട്ടിയ വണ്ടിയില്‍ യാത്ര ചെയ്യുന്ന ഫലമാണ് ഫലത്തില്‍ ഉണ്ടാവുക എന്നല്ലേ മൊത്തത്തില്‍ നമുക്കു തെളിഞ്ഞുകിട്ടുന്ന ചിത്രം. നിന്നടത്തു നിന്ന് അനങ്ങാത്ത അവസ്ഥ. എന്നുവച്ചാല്‍ ഇണ്ടനമ്മാവന്‍ ഇടതുകാലിലെ ചെളി വലതുകാലില്‍ തേയ്ച്ചും വലതുകാലിലെ ചെളി ഇടതുകാലില്‍ തേയ്ച്ചും അനന്തമായി ഇനിയും സന്നിഹിതനാവും എന്നാണ് അര്‍ത്ഥം. ‘പൊയ്ക്കാലുകളില്‍’ എന്നൊരു പാഠഭേദം കൂടി വരും നാളുകളില്‍ വേണ്ടിവരും അത്രേയുള്ളൂ..

അപ്പോള്‍ സ്വപ്നം എന്നാല്‍ എന്താണ് ? അതിന്റെ നിറം എന്താണ്..?

അനു :
ഇംഗ്ലണ്ടിലെ ലിസെസ്റ്റെര്‍ യൂണിവേഴ്സിറ്റിയിലെ അനലിറ്റിക്കല്‍ സോഷ്യല്‍ സൈക്കോളജിസ്റ്റ് അഡ്രിയാന്‍ വൈറ്റ് നടത്തിയ പഠനത്തില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ പാര്‍ക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 125-മത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്. പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ബാക്കിയുള്ള അവസ്ഥയെയാണല്ലോ സന്തോഷം എന്നു വിളിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ സ്ഥാനം ഇനിയും താപ്പോട്ട് പോകാതിരുന്നാല്‍ അതിനെ സ്വപ്നം എന്നു വിളിക്കാന്‍ നമ്മള്‍ മടിക്കരുത്.

5 comments:

Inji Pennu said...

ഹ്മ്മ്..
അങ്ങിനെയൊക്കെയാണെങ്കിലും നുമ്മ ഇവിടെം വരെ എത്തിയില്ലേ? ചുറ്റുമുള്ള പാകിസ്താനോ ശ്രീലങ്കയോ നേപ്പാളോ ബംഗ്ലാദേശോ ഒക്കെ വെച്ച് ജനാധിപത്യ ബാരോമീറ്ററില്‍കൂടി നോക്കുമ്പോള്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്ന കാലുകളും ഇനി വരാന്‍ ഇരിക്കുന്ന പൊയ്ക്കാലുകളും ഭേദം എന്നു തന്നെ വിശ്വസിച്ച് സ്വപ്നം കാണുന്നു.

കോണ്‍‌ഗ്ഗ്രസ്സില്‍ നിന്ന് വിട്ട് പോവാതെ സ്വന്തമായി ഉയര്‍ന്നു വന്ന ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബി.എസ്.പി ഒരു അഖിലേന്ത്യാ പ്രതിഭാസമാണ്. കന്‍ഷിറാമിന്റെ ബുദ്ധി. ദളിതര്‍ക്കുള്ള പാര്‍ട്ടി എന്നു തുടങ്ങിയിട്ട് 20% ബ്രാഹ്മണര്‍ക്കും 14% ദളിതര്‍ക്കും സീറ്റ് കൊടുത്ത മിടുക്കിയാണ്. അപ്പോള്‍ അവിടേയും ദളിതന്റെ കാര്യം അങ്ങിനെ! മുസ്ലീങ്ങള്‍ ഫോര്‍ ബി.ജെ.പി
ബ്രാഹ്മണര്‍ ഫോര്‍ ബി.എസ്.പി എന്നൊക്കെയുള്ളത് ജൂസ് ഫോര്‍ ജീസസ് പോലെ ഒരു പൊളിറ്റിക്കല്‍ അടവുകളും.

simy nazareth said...

വെള്ളേ,

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ഒരുപക്ഷേ വി.പി. സിങ്ങിന്റെ കൂട്ടുകക്ഷി ഭരണമായിരിക്കും. പുള്ളി തുടങ്ങിയ വിപ്ലവമാണ് ഈ ജാതീയ പാര്‍ട്ടികളുടെ ഉടലെടുപ്പിലേയ്ക്കു പോലും നയിച്ചത്.

പക്ഷേ ധീരനായ ഒരു നേതാവിന് വലിയ പാര്‍ട്ടികളുടെ പിന്തുണയോടെ എത്രനാള്‍ നില്‍ക്കാന്‍ പറ്റും എന്നതിനും ഉദാഹരണമാവും വി.പി. സിങ്ങിനെ ഒന്‍പതുമാസം കഴിഞ്ഞ് വലിച്ചു നിലത്തിട്ടത് (പിന്തുണ നല്‍കുന്ന അദ്വാനിയെത്തന്നെ രഥയാത്രയുടെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്തു. മണ്ഢല്‍ കമ്മീഷന്‍ വിവാദങ്ങളും അറിയാമല്ലോ)

ഇത്രയും മുന്നണികള്‍ കേറി കുട്ടിച്ചോറാക്കുന്നതുമാത്രമല്ല, പൊക്കമില്ലാത്ത രാഷ്ട്രീയക്കാരും ഒരു വലിയ പ്രശ്നമല്ലേ?

Sureshkumar Punjhayil said...

Wonderful... Valare nannayirikkunnu. Ashamsakal...!!!

ഇ.എ.സജിം തട്ടത്തുമല said...

സ്വപ്നങ്ങളുടെ കൂടാരമായിരിയ്ക്കുന്നു പാർട്ടികളും, നേതാക്കളും!സ്വപ്നങ്ങൾ നല്ലതുതന്നെ. അതില്ലെങ്കിൽ ജീവിതമില്ല.പക്ഷെ, സ്വാർത്ഥം വെടിഞ്ഞുള്ള സ്വപ്നങ്ങളില്ലാത്തതാണ് രാഷ്ട്രീയത്തിലെ ദുരന്തം. സ്വാർത്ഥം വെടിഞ്ഞുള്ള സ്വപ്നങ്ങൾ കാണുവാൻ സന്നദ്ധരാകുന്നവർ കൂടി സ്വാർത്ഥതകളുടെ ഉപഭോഗ വസ്തുക്കാളാക്കപ്പെടുവാൻ നിർബന്ധിതരാക്കപ്പെടുന്നതാണ് അതിലും വലിയ ദുരന്തം!

വെള്ളെഴുത്ത് said...

സിമീ, ഒരു ‘വലിയ പാര്‍ട്ടി‘ എന്നെന്നും കയറിയിരുന്ന് സഹ്യനിപ്പുറവും ഇന്ദ്രപ്രസ്ഥത്തിന്റെ കിഴക്കുവശവുമൊന്നും സംസ്ഥാനങ്ങളെയില്ലെന്ന മട്ടില്‍ ഭരിക്കുന്നത് എന്തായാലും ജനാധിപത്യത്തിനു നിരക്കുന്നതല്ല. കൂട്ടുകക്ഷിഭരണത്തിനു മെച്ചമുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. അധികാരത്തിന്റെ കേന്ദ്രീകൃതസ്വഭാവം അങ്ങനെയ്ല്ലെന്നു എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നാലും.. പിന്നെ വെള്ളാനകള്‍ക്ക് തീറ്റികൊടുത്ത് മുടിയുന്നുണ്ട്.. ഒരു വശത്ത്..എങ്കിലും ജനാധിപത്യരീതിയില്‍.. സംവരണങ്ങളിലൂടെയല്ലാത്ത പങ്കാളിത്തം ഗുണപരമാണ്..താരതമ്യേന..