September 12, 2012

‘തേച്ചു മിനുക്കിയാൽ വായ്ക്കുന്ന കാന്തിയും മൂല്യവും’



മുൻപ് വ്യക്തിത്വശുചീകരണത്തിനു് ആത്മീയതയുടെ പരിസരത്തിലേയ്ക്കായിരുന്നു ബഹുഭൂരിപക്ഷം യശഃപ്രാർത്ഥികളായ മലയാളി കണ്ണയച്ചിരുന്നതെങ്കിൽ കാര്യങ്ങൾ കുറേകൂടി വസ്തുനിഷ്ഠമാവുന്നു ഇപ്പോൾ എന്നൊരു വ്യത്യാസമുണ്ട്. കോർപ്പറേറ്റ് മേഖലകളിലെ പുതിയ തൊഴിൽ സാധ്യതകളും പൊതുഭരണസംവിധാനങ്ങൾ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്ന അവബോധവും ചേർന്നു നിർമ്മിച്ച അന്തരീക്ഷമാണ് മലയാളിയെ  ‘സ്വയം സഹായ’ (Self Help) പുസ്തകങ്ങൾക്ക് മുന്നിൽ മുൻപെന്നത്തേക്കാളും കൂടുതലായി എത്തിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും പ്രാദേശികനായിരുന്ന മലയാളി ആഗോളമലയാളിയായി മാറിക്കൊണ്ടിരിക്കുന്നതിന്റെ സംക്രമണകാലമാണിത്. രുചിയും ഭക്ഷണശീലങ്ങളും വേഷവിധാനങ്ങളും മാറുന്നതിനൊപ്പം പെരുമാറ്റവഴക്കങ്ങളും മാറേണ്ടതുണ്ട്.

കോർപ്പറേറ്റ് മേഖലകളിലെ പുതിയ തൊഴിൽ സാധ്യതകളും പൊതുഭരണസംവിധാനങ്ങളുടെ നിയന്ത്രണം സ്വന്തം മിടുക്കു കൊണ്ട് സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്ന അവബോധവും ചേർന്നു നിർമ്മിച്ച അന്തരീക്ഷമാണ് മലയാളിയെ  ‘സ്വയം സഹായ’ (Self Help) പുസ്തകങ്ങൾക്ക് മുന്നിൽ മുൻപെന്നത്തേക്കാളും കൂടുതലായി എത്തിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ് എഴുതിയ ‘വ്യത്യസ്തരാകാൻ’ എന്ന പുസ്തകം, ഉന്നതമായ തൊഴിലിടങ്ങൾ എത്തിപ്പിടിക്കാൻ വെമ്പുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വന്തം  ലക്ഷ്യത്തിനു വിഘാതമായേക്കാവുന്ന സ്വന്തം പെരുമാറ്റവൈകല്യങ്ങളെ തിരിച്ചറിയാനും തിരുത്താനുമുള്ള നല്ലൊരു വഴികാട്ടിയാണ്. നിയോ ലിബറൽ കാലത്തിനനുസരിച്ച് മലയാളിയുടെ ശീലവഴക്കങ്ങളിലും മാറ്റം അനിവാര്യമാണെന്ന കാര്യത്തിനു പുസ്തകം ഊന്നൽ നൽകുന്നുണ്ട്.   പത്രപ്രവർത്തകനായി തൊഴിൽ ജീവിതം ആരംഭിക്കുകയും ബാങ്ക് ഉദ്യോഗസ്ഥൻ, അദ്ധ്യാപകൻ,  കേരള പോലീസ് അക്കാദമി ഡയറക്ടർ, പോലീസ് പരിശീലന വിഭാഗം മേധാവി, വനിതാകമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ ശോഭിച്ച വ്യക്തിത്വമാണ് ഡോ. അലക്സാണ്ടറുടേത്. 2011ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ അദ്ദേഹത്തിനു ലഭിച്ചു. വിവിധ തൊഴിൽ മേഖലകളിലുള്ള ദീർഘകാല പരിചയവും മികവുമാണ് ‘വ്യത്യസ്തരാകാൻ’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.  പരിശീലകൻ എന്ന നിലയ്ക്കു മാത്രമല്ല സിവിൽ സർവീസ് പരീക്ഷകളിൽ ഉദ്യോഗാർത്ഥിയായിരുന്നപ്പോഴുള്ള അനുഭവങ്ങളെയും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.

അറിവ്, അച്ചടക്കം, അഭിപ്രായം, ആരോഗ്യം, അദ്ധ്വാനത്തോടുള്ള കാഴ്ചപ്പാട്, അർപ്പണമനോഭാവം, ആത്മാഭിമാനം, ആത്മവിശ്വാസം, ആത്മധൈര്യം ഇങ്ങനെ ഉന്നതമായ വ്യക്തിത്വത്തിന്റെ 9 ഘടകങ്ങളെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഡോ. അലക്സാണ്ടർ ചർച്ച ചെയ്യുന്നത്. ഉചിതമായ ഉദാഹരണങ്ങളും വസ്തുസ്ഥിതിവിവരങ്ങളും പൌരാണികവും ചരിത്രപരവുമായ കൃതികളിൽ നിന്നുള്ള ഉദ്ധരണികളും സമകാലിക സംഭവങ്ങളും നിരത്തിക്കൊണ്ടാണ് ഉന്നതമായ വ്യക്തിത്വം കൈയാളാനുള്ള വഴികൾ അദ്ദേഹം വിശദമാക്കുന്നത്. അറിവിനെ പാശ്ചാത്യരീതിയനുസരിച്ച് വിസ്ഡം എന്നും നോളേജ് എന്നും ഇൻഫർമേഷൻ എന്നും തിരിക്കുന്നു. ഉൾക്കാഴ്ചയാണ് വിസ്ഡം. അതില്ലാതെ ഏതറിവുണ്ടായിട്ടും വിവരങ്ങൾ നേടിയിട്ടും കാര്യമില്ല. ആന്തരികമായ അച്ചടക്കത്തിന്റെ ഗുണങ്ങളാണ് ‘സ്വയം ഭരണത്തിന്റെ പാഠ’ങ്ങളിൽ വിവരിക്കുന്നത്. അച്ചടക്കപാലനത്തിനായി ബലപ്രയോഗമാവാം എന്ന പാഠത്തെ യുധിഷ്ഠിരന്റെ കഥയിലൂടെ അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. കൃത്യമായ അഭിപ്രായരൂപീകരണങ്ങളും അതനുസരിച്ചുള്ള തീരുമാനങ്ങളും അവയുടെ നടപ്പാക്കലും ഭരണസംവിധാനത്തെ സുഗമമാക്കിതീർക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

ശരീരം, മനസ്സ്, കാഴ്ചപ്പാട്, മൂല്യവ്യവസ്ഥ എന്നിവകളിൽ പുലർത്തുന്ന ആരോഗ്യമാണ് ശരിയായ ആരോഗ്യം. മൂല്യബോധത്തെയും ജീവിതവീക്ഷണത്തെയും സമന്വയിക്കുന്ന സംവിധാനം പ്രാചീന ഭാരതീയർക്കല്ലാതെ മറ്റെവിടെയും കാണാൻ കഴിയില്ലെന്ന് ലേഖകൻ എഴുതിന്നു അതേസമയം കടുത്ത ജാതിചിന്തയിൽ പുലർന്നതു കൊണ്ട് അദ്ധ്വാനത്തിന്റെ മഹത്വം വേണ്ടരീതിയിൽ മനസിലാകാതെ പോവുകയും ചെയ്തു. സബ് ഇൻസ്പെക്ടർ സെലക്ഷൻ ബോർഡിൽ വച്ച് തന്റെ ഗ്രാമമായ കിടങ്ങൂരിനെപ്പറ്റി വിശദമായി സംസാരിച്ച ഒരു ഉദ്യോഗാർത്ഥിക്ക് ഉയർന്ന മാർക്ക് ലഭിച്ചതിനെപ്പറ്റി ഡോ അലക്സാണ്ടർ എഴുതുന്നുണ്ട്. അഭിമുഖ പരീക്ഷകളിൽ താനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഒരാൾക്ക് ആഴത്തിലുള്ള അറിവുണ്ടെന്നത് അനുകൂലഘടകമായേ പരിണമിക്കുകയുള്ളൂ. ‘എനിക്ക് മലയാളം അറിഞ്ഞുകൂടെന്ന് മേനി പറയുന്ന ഒരാൾ നല്ല വ്യക്തിത്വമുള്ള ഒരാളായി കണക്കാക്കുകയില്ലെന്ന അർത്ഥം. ഐ എ എസ് അഭിമുഖ പരീക്ഷയിൽ 300 ൽ 295 എന്ന ഉയർന്ന സ്കോറു നേടിയ ലളിതാംബികയുടെ ഉദാഹരണം മറ്റൊരിടത്ത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം കിട്ടിയ വർഷമായിരുന്നു അഭിമുഖം. സർദാർ കെ എം പണിക്കർ ബോർഡിലുണ്ടായിരുന്നു. വിശദമായി തയാറെടുത്താണ് പരീക്ഷയ്ക്ക് പോയത് എന്നുള്ളതുകൊണ്ട് ലളിതാംബികയ്ക്ക് ‘ഓടക്കുഴലി’ലെ പലഭാഗത്തു നിന്നുള്ള കാവ്യഭാഗങ്ങൾ കാണാതെ ചൊല്ലാൻ കഴിഞ്ഞു എന്നു മാത്രമല്ല, മലയാളം അറിയാത്ത ബോർഡിലെ മറ്റു മെംബർ മാർക്കായി കവിതാഭാഗങ്ങൾ ഇംഗ്ലീഷിൽ ചൊല്ലിക്കൊടുത്ത് അവരുടെ പ്രീതിനേടാനുമായി.  ‘സെൻസ് ഓഫ് ബിലോംഗിങ്’ എന്നാണിതിനെ പറയുക. ഇതു കൂടിയാൽ താനേതോ മികച്ചയാളാണെന്നുള്ള പൊങ്ങച്ചം നിറഞ്ഞുണ്ടാകുന്ന അപകടത്തെ ചൂണ്ടിക്കാണിക്കാനും ഡോ. അലക്സാണ്ടർ മറക്കുന്നില്ല.

‘തന്റെ അച്ഛൻ നല്ലൊരു ചെരുപ്പുകുത്തിയായിരുന്നെന്നും അത്രയും മികച്ച ഭരണാധികാരിയാവാൻ തനിക്കു കഴിയുമോ എന്നു സംശയമൂണ്ടെന്നും പറഞ്ഞ് സെനറ്ററുടെ വായടച്ച എബ്റ്രഹാം ലിങ്കനെയാണ് ആത്മാഭിമാനത്തിന് ഉദാഹരണമായി എടുക്കാവുന്നത്. അബ്ദുൾ കലാമും കെ ആർ നാരായണനും കാഷ്യസ് ക്ലേയെന്ന മുഹമ്മദാലിയും ഇല്ലായ്മകളിൽ അപകർഷപ്പെടാതെ ഉയർന്നുവന്നവരാണ്. പോലീസ് ട്രെയിനിങ് കഴിഞ്ഞാൽ 25 കി.മി ഭാരവും ചുമന്ന് നടന്നു ചെന്ന് ഒരു ക്യാമ്പുണ്ടാക്കണം. ( ഇത്തരമൊരു പരിശീലനം അടുത്തകാലത്ത് പത്രവാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നതോർക്കുക) റൂട്ട് മാർച്ച് എന്നാണ് പേര്.  എന്നാണിത് ഐ പി എസ് ഉദ്യോഗസ്ഥർക്ക് ഇത് 103 കിലോമീറ്ററാണത്രേ. എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റുമെന്ന തോന്നൽ ജനിപ്പിക്കുന്ന ആത്മവിശ്വാസം ഉറപ്പിക്കുക എന്നതാണ് ഈ കഠിനമായ പരിശീലനത്തിന്റെ ലക്ഷ്യം. ചിന്തയും സംഭാഷണവും ശരിയായിരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ‘മേരാ ജീവൻ കോറാ കാഗസ്’ എന്ന ലേഖനം വിരൾ ചൂണ്ടുന്നത്. നല്ല സംസാരം തന്നെയാണ് നല്ല വ്യക്തിത്വത്തിന്റെ മുഖമുദ്ര. യുക്തിഭദ്രമായ ചിന്തയില്ലാതെ കാര്യമാത്രപ്രസക്തമായി ഒരാൾക്ക് സംസാരിക്കാൻ കഴിയില്ല. വ്യക്തിത്വം തേച്ചു മിനുക്കിയെടുക്കേണ്ട രത്നമാണെന്ന് ലേഖകൻ എഴുതുന്നു. കട്ടറെ ആശ്രയിച്ചാണ് അതിന്റെ മൂല്യം വർദ്ധിക്കുന്നത്. പരിശീലനത്തിന്റെ കുറവ് വ്യക്തിത്വത്തിന്റെ തിളക്കത്തെയും കുറയ്ക്കും.

ഈ ഒൻപതു ഗുണങ്ങളും 50% അധികം ഉള്ളവരെയാണ് ‘ഡൈനാമിക് പേഴ്സണാലിറ്റി’ എന്നു പറയുന്നത്. അവരാണ് ക്ലാസ് 1 ജോലിയ്ക്ക് അർഹത ഉള്ളവർ. ആദ്യത്തെ ആറെണ്ണം 50% ൽ കൂടുതലും ബാക്കി താഴെയും ഉള്ളവർ, മുഴുവൻ ഗുണങ്ങളും 50 നു താഴെയുള്ളവർ എന്നിങ്ങനെ വിവിധജോലികൾക്ക് യോജിച്ചവരെ പട്ടികപ്പെടുത്തുന്നുണ്ട് തുടർന്ന്. പ്രതികരണ പരീക്ഷണം, ആശയാപഗ്രഥന പരീക്ഷണം, മനോഗതി വിശകലനം, സംഘചർച്ച, അഭിമുഖം എന്നീ അഞ്ചു വ്യക്തിത്വ നിർണ്ണയ പരീക്ഷകലെക്കുറിച്ചും ഉആദാഹരണ സഹിതം ലേഖകൻ വ്യക്തമാക്കുന്നു. വിശദമായ അഭിമുഖങ്ങളിൽ  ഉദ്യോഗാർത്ഥി അറിഞ്ഞോ അറിയാതെയോ എന്തൊക്കെ പരിശോധിക്കപ്പെടുന്നു എന്നതിന്റെ വിശദമായ വിവരണം കൊടുത്തിരിക്കുന്നു. സാമാന്യത്തിലധികം ചൂടുള്ള ചായ കൊടുത്തതിനു ശേഷം അത് ഉദ്യോഗാർത്ഥി എങ്ങനെ കുടിക്കുന്നു എന്നു നിരീക്ഷിക്കുക, അഭിമുഖം കഴിഞ്ഞിറങ്ങിയ ആൾ പുറത്തു നിന്ന് അടച്ചിരിക്കുന്ന വാതിലിനു മുന്നിൽ നിന്ന് എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് നിരീക്ഷിക്കുക, വളരെ നിസ്സാരം എന്നു തോന്നിക്കുന്ന ചോദ്യം ചോദിച്ചുകൊണ്ട് ഉദ്യോഗാർത്ഥിയെ വലിയ കുഴപ്പത്തിൽ കൊണ്ടു ചെന്നു ചാടിക്കുക തുടങ്ങിയ പതിവുകൾ നേരിടാൻ ആകെ വേണ്ടത് വിശദമായ തയാറെടുക്കൽ ആണെന്ന് ഡോ. അലക്സാണ്ടർ ആവർത്തിച്ച് പറയുന്നു. തെറ്റ് ആർക്കും പറ്റാമെന്നുള്ളതുകൊണ്ട് അതിൽ നിന്നു കൂടി പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള ആഹ്വാനത്തോടെയാണ് ‘വ്യത്യസ്തരാകാൻ’ ലേഖകൻ അവസാനിപ്പിക്കുന്നത്.

ഡോ. അലക്സാണ്ടറുമായി നടത്തിയ നീണ്ട സംഭാഷണങ്ങളിൽ നിന്ന് പി സലിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. ആ പ്രഭാഷണങ്ങളുടെ സാരാംശം ഒട്ടും ചോർന്നുപോകാതെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വാസത്തെ ആമുഖത്തിൽ അദ്ദേഹം അടിവരയിടുന്നുണ്ട്. ദീർഘമായ അനുഭവപരിചയവും വിപുലമായ പുസ്തകപരിചയവും ഭാരതീയവും പാശ്ചാത്യവുമായ ക്ലാസിക് കൃതികളാൽ നിയമിതമായ മൂല്യബോധവും  മനുഷ്യത്വപരമായ കാഴ്ചപ്പാടും മനശാസ്ത്രപരമായ അവഗാഹതയും മാന്ത്രികമായ വാഗ്വിലാസവും ഒത്തുചേർന്ന നല്ലൊരു പരിശീലകന്റെ മുന്നിൽ ചെന്നുപ്പെട്ട പ്രതീതിയാണ് ഈ പുസ്തകത്തിന്റെ വായന സമ്മാനിക്കുന്നത്.

---------------------------------------
വ്യത്യസ്തരാകാൻ
self-help
ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്
ഡി സി ബുക്സ് കോട്ടയം
വില : 80 രൂപ