February 17, 2015

നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം



           

അധോലോകത്തിൽ വേരുകളുള്ള പിതാവിനെ ശത്രുക്കൾ വകവരുത്തുമ്പോൾ അക്ബർ അലിക്ക് വയസ്സ് പത്ത്. വ്യാജ ഏറ്റുമുട്ടലിൽ പിതാവിനെ കൊന്ന പോലീസ് ഓഫീസറെ പതിനാറാം വയസ്സിൽ വകവരുത്തിക്കൊണ്ടാണ് അക്ബർ ജൈത്രയാത്ര ആരംഭിക്കുന്നത്. അങ്കിൾ സാമിനെയും മണിമേനോനെയും കൂടെ നിർത്തി മാംഗ്ലൂർ തുറമുഖം അയാൾ ശത്രുക്കളില്ലാതെ ഭരിച്ചു. അങ്കിൾ സാമിന്റെ മരുമകൻ ആന്റോ നിരോധിക്കപ്പെട്ട മരുന്നുകളുടെ കച്ചവടത്തിനായി കൂടെകൂടാൻ വരികയും തന്ത്രങ്ങളും ചതിയുമായി അക്ബറിന്റെ സാമ്രാജ്യം തകർക്കുയും ചെയ്തപ്പോൾ അയാൾ വീണ്ടും മരണത്തെ മുഖാമുഖം കണ്ട് മടങ്ങി. വിശ്വാസവഞ്ചനക്കാരെ മൊത്തം തകർത്തു. പ്രാദേശികമായ അധോലോകസാമ്രാജ്യത്തെ മുള്ളുകളില്ലാതെ തന്റെ മാത്രം വരുതിയിലാക്കി. ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രമായ ഗാങ്സ്റ്ററിൽ വിശ്വാസവഞ്ചകനായ ആന്റോയെ ദാരുണമായി വധിക്കുന്നതിനുമുൻപ് (കു) പ്രസിദ്ധമായ ആ വാക്യം മമ്മൂട്ടിയുടെ അക്ബർ അലി ഖാൻ ഉരുവിടുന്നു: ‘നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം.’


കഥയെന്തായാലും ഓർമ്മയെക്കുറിച്ചുള്ള പൊതുബോധത്തെ തലക്കിട്ടു കിഴുക്കുന്ന വാചകമാണ് പഞ്ച് ഡയലോഗിന്റെ വോൾട്ടേജോടെ സിനിമ, കഥാപാത്രത്തിന്റെ വായിൽ തിരുകിയത്. പുനർജ്ജന്മത്തിൽ കലർപ്പില്ലാതെ വിശ്വസിക്കുന്ന ശുദ്ധാത്മാവുപോലും അന്തം വിട്ടുപോകുന്ന അതീത വാസ്തവമാണ് മരണത്തെക്കുറിച്ചുള്ള മരിച്ചവന്റെ ഓർമ്മ! (സിനിമയുടെ പ്രമോയുടെ ഭാഗമായി സംവിധായകൻ ആഷിക് അബുതന്നെ ഈ വാക്യം ഫെയിസ് ബുക്കിലേക്ക് നേരിട്ട് പോസ്റ്റു ചെയതിരുന്നു) പക്ഷേ ഈ വാക്യത്തിന് കുറ്റകൃത്യങ്ങൾ കേന്ദ്രപ്രമേയമാകുന്ന നമ്മുടെ ചലച്ചിത്രങ്ങളുടെ അസംബന്ധയുക്തികളുമായി നേരിട്ട് ഒരു നീക്കുപോക്കു നടത്താനുള്ള കെൽ‌പ്പുണ്ട്. തിരശ്ശീലയിൽനിന്നും ഒരു കൊലയുടെ ഓർമ്മ, ഇരുട്ടിൽ പേടിച്ചും ത്രസിച്ചുമിരിക്കുന്ന കാണികളുടെ അബോധത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇവനു ഞാൻ നൽകുന്ന മരണം, നീ (എന്ന കാഴ്ചക്കാരൻ) ഓർമ്മിച്ചിരിക്കണമെന്നാണ് അനിഷേധ്യനായ നായകൻ ആക്രോശിക്കുന്നത്. അയാൾ ശാസകനാണ്. നമുക്ക് അനുസരിക്കുകയല്ലാതെ പോം വഴികളില്ല.


അക്ബറിന്റെ അപ്രമാദിത്വം കൊലപാതകങ്ങൾ വഴി സ്ഥാപിച്ചെടുത്തതായിട്ടും അയാളോട് മറ്റു കഥാപാത്രങ്ങൾ നടത്തിയ വിശ്വാസവഞ്ചനയുടെ പിൻ‌ബലത്തിൽ അവയ്ക്ക് സാധൂകരണം ലഭിക്കുന്നു. എത്രത്തോളം ചതിക്കുന്നോ അത്രത്തോളം നായകനാൽ കൊല്ലപ്പെടാനുള്ള സാധുതാപത്രം വില്ലന്മാർ കരസ്ഥമാക്കുന്നു. ഇതെ പോലെയൊരു ശാസകത്വം, തസ്കരശ്രീ സപ്തമാഃ എന്ന സിനിമയിലെ ആദ്യം രംഗം കാട്ടിത്തരുന്നുണ്ട്. പെൺ കുട്ടിയെ പീഡിപ്പിച്ച് ശിക്ഷയ്ക്ക അർഹനായി ജയിലിലെത്തിയ ഒരുത്തനെ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ‘നല്ലവരായ കുറ്റവാളികൾ’ അടിച്ചു പതം വരുത്തുന്നതാണ് സംഭവം.


മൊഴിമാറ്റം നടത്തിയവയുൾപ്പടെ നൂറ്റിയെൺപതോളം മലയാള ചിത്രങ്ങൾ 2014 -ൽ പ്രദർശനത്തിനെത്തുകയുണ്ടായി. നിത്യജീവിതത്തിലെ വൈകാരികത നിറഞ്ഞ നാടകീയ മുഹൂർത്തങ്ങളെ ചെപ്പിലടച്ച് കിലുക്കുന്ന ചിത്രങ്ങൾക്ക് തന്നെയാണ് ഇക്കൂട്ടത്തിൽ സ്വീകാര്യതയുള്ളത്. അറിഞ്ഞുകൊണ്ടല്ലെങ്കിലും തരളമായ വീട്ടോർമ്മയ്ക്ക്, ഗൃഹാതുരതയെന്ന് ഓമന പേരു നൽകിയ സമൂഹമാണ് നമ്മുടേത്. വീടിനു പുറത്തിറങ്ങുന്ന ഒരാൾക്ക് അത് ആതുരമായ ഒരവസ്ഥയാകുന്നു എന്നു സാരം. അക്രമം അഥവാ ഹിംസ കേന്ദ്രപ്രമേയമാകുന്ന ബാക്കി ചലച്ചിത്രങ്ങൾ, മറ്റു പല ക്ലീഷേകൾക്കുമൊപ്പം പൊതുവായി പങ്കുവയ്ക്കുന്ന ഒരാശയം നഷ്ടപ്പെടുന്ന വീടിന്റെ സുരക്ഷിതത്വമാണ്. പുറത്തേക്കിറങ്ങുന്ന ഒരാൾ അശരണനാണെന്നോ അയാളെ പുറത്ത് കാത്തിരിക്കുന്നത് അപകടമാണെന്നോ ഉള്ള കാഴ്ചപ്പാട്, ഗൃഹം ആതുരമാണെന്ന അവസ്ഥയുടെ മറുപുറമാണ്. സത്യത്തിൽ ഈ ഭീതിയാണ് വീടിനെക്കുറിച്ചുള്ള ഓർമ്മകളെ ആതുരമാക്കുന്നത്. അന്യദേശം, നഗരം, ജയിൽ, കടൽ, ആശുപത്രി, റോഡ്, തുടങ്ങിയ ഇടങ്ങളിൽ വച്ചു കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന ദുരന്തങ്ങൾക്ക് സ്വാഭാവികമായി സംഭവിച്ചു പോകുന്നതല്ല. വീടിന്റെയോ കുടുംബത്തിന്റെയോ അത്താണി നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വിശ്വാസവഞ്ചനയായി ജനപ്രിയ അക്രമസിനിമകളിൽ സ്ഥാനം പിടിക്കുന്നു. വാസനകൾക്ക് പിന്നാലെ ചൊല്ലുവിളിയില്ലാതെ ഇറങ്ങി നടന്ന ഉണ്ണികൾ വീടിന്റെയോ കുടുംബത്തിന്റെയോ ആശ്രയത്തിൽ ഒടുവിൽ വന്നണയുന്നതോടെ നിരാലംബമായ ഉത്കണ്ഠകൾക്ക് വിരാമമുണ്ടാകുന്നു.


വീടിന്റെ പ്രാമാണികത സംരക്ഷിച്ചെടുക്കുന്നതിന്റെ ഭാഗമായി നമ്മുടെ സിനിമകളിലെ കൊലകളെ സാധൂകരിക്കാം. രാത്രിയും പകലും പോലെ രണ്ടുതരം അകാലമരണങ്ങൾ ഈ സിനിമകളിൽ നമ്മെ കാത്തിരിക്കുന്നു. ഒന്ന് വീടിന്റെ സ്വച്ഛത നഷ്ടപ്പെടുത്തിയ കുറ്റകൃത്യങ്ങൾ, സ്വച്ഛത വീണ്ടെടുക്കാൻ വേണ്ടി നടത്തിയ ബദൽ കൃത്യങ്ങൾ എന്ന മട്ടിൽ. കൊള്ളയും തട്ടിപ്പും നടത്തുന്ന ശുദ്ധാത്മാക്കൾ സിനിമയിൽ ആവർത്തിക്കുന്ന വാക്യം ഏതാണ്ട് ഒരേ മട്ടിലുള്ളതാണ്. ഇതോടെ വച്ചുനിർത്തി സ്വസ്ഥമായി ഒതുങ്ങി ജീവിക്കാനുള്ള വഴിയാണ് അവർ കണ്ടെത്തുന്നത്.. അതും സമ്മതിക്കില്ലെന്നു വന്നാൽ...?


ജോഷിയുടെ ദിലീപ് ചിത്രം അവതാരത്തിൽ തമാശയും പ്രേമവും പൊടിക്കൈകളുമായി നടക്കുന്ന നായകൻ മാധവൻ മഹാദേവൻ ജ്യേഷ്ഠന്റെ മരണം കൊലപാതകമായിരുന്നു എന്നു മനസിലാക്കുന്നിടത്ത് മറ്റൊരാളാവുകയും മാന്യനും സൌ‌മ്യനും ശുഭ്രവസ്ത്രധാരിയുമായ പോറ്റിസാറിനെ കുറ്റക്കാരുടെ തലപ്പത്ത് കണ്ടെത്തുകയും ഒടുവിൽ എല്ലാം തീർത്ത് നശിപ്പിച്ച് തിരിച്ച് വീട്ടിൽ അനുസരണയോടെ കയറി ശുദ്ധനാവുകയും ചെയ്യുന്ന കഥയാണ് പറയുന്നത്. അഭയം നഷ്ടപ്പെടുത്തുകയെന്ന സ്വഭാവമുണ്ട് വിശ്വാസവഞ്ചനകൾക്ക്. അൿബർ അലിയെയും മാധവൻ മഹാദേവനെയും ആക്രമണകാരിയാക്കിയ അതേ വിശ്വാസവഞ്ചനയും ചതിയുമാണ് അമൽ നീരദ് ഒരുക്കിയ പിര്യേഡ് ചിത്രമായ ഇയോബിന്റെ പുസ്തകത്തിലെ ഫഹദ് ഫാസിലിന്റെ അലോഷിയെയും കൊലയാളിയാക്കുന്നത്. അക്രമസിനിമകളിലെ സ്ഥിരം എതിർകക്ഷിയായ ഒരു പിണിയാൾ പോലീസുകാരന്റെ ചൂണ്ടുവിരൽ, പാക്കുവെട്ടികൊണ്ട് മുറിച്ചിട്ട്, അയാൾ പറയുന്നു: ‘ആരെങ്കിലും ചോദിച്ചാൽ, മൂന്നാറിലെ അലോഷിക്ക് കൈകൊടുത്തെന്നു പറഞ്ഞാൽ മതി.’ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അടിയന്തിരാവസ്ഥക്കാലത്തെ ഓർമ്മപുസ്തകത്തിന്റെ രൂപത്തിൽ ഭൂതകാലത്തെ ബഹുജനസമരങ്ങളെ മുന്നിൽകൊണ്ടുവരുന്നു എന്ന വ്യാജേന സിനിമ പതിവു രീതിയിൽ നായക കഥാപാത്രത്തിനു ചുറ്റും വട്ടം കറങ്ങുന്നതാണ് ഇയോബിന്റെ പുസ്തകത്തിലെ കാഴ്ച. സിനിമയുടെ ആ താൻപോരിമ മുൻപുദ്ധരിച്ച കഥാപാത്രത്തിന്റെ വാക്യത്തിൽ മുഴുപ്പോടെയുണ്ട്. വകതിരിവില്ലാത്ത, സ്വാർത്ഥമതികളായ സ്വന്തം ജ്യേഷ്ഠന്മാരായിരുന്നു അലോഷിയുടെ ശത്രുക്കൾ. ‘തന്നെ വിശ്വാസത്തിലെടുക്കരുതെന്ന്’ മോഹൻലാലിന്റെ നായകകഥാപാത്രം ആവർത്തിച്ചുരുവിടുന്ന ബി ഉണ്ണികൃഷ്ണന്റെ മി.ഫ്രോഡിലെയും വൻ‌കൊള്ളയ്ക്കുള്ള അരങ്ങ് സംവിധായകൻ തീർത്തിരിക്കുന്നത് വമ്പിച്ച സ്വത്തിൽ രാജകുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കിലും തൊഴുത്തിൽകുത്തിലുമാണ്. ആസൂത്രിതമായും അതിവിദഗ്ധമായും തട്ടിപ്പു നടത്തുന്ന, കൊള്ള കലയാക്കിയവരുടെ കഥകൾ പറയുന്ന ഹോളിവുഡ് ചിത്രങ്ങളെ മാതൃകയാക്കാനുള്ള ശ്രമമൊന്നും മി.ഫ്രോഡിൽ വിജയിച്ചിട്ടില്ല. അതുകൊണ്ട് താൻ ഒരു വലിയ സംഭവമാണെന്ന് അയാൾക്ക് നാണമില്ലാതെ പൊങ്ങച്ചം പറയേണ്ടി വരുന്നു. മാൻഹോളിൽ കയറി ഇറങ്ങിവരും പോലെ എളുപ്പപ്പണിയാണ് തട്ടിപ്പ് എന്ന് ലളിതബുദ്ധികൾക്ക് ചിന്തിക്കാൻ വളം ഇടുന്ന സിനിമ പക്ഷേ കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മയിൽനിന്ന് നാടകീയതയുണ്ടാക്കുന്നു. പൃഥ്വീരാജ് ചിത്രങ്ങളായ സെവന്ത് ഡേയിലും (ശ്യാം ധർ) സപ്തമ ശ്രീ തസ്കരാഃയിലും (അനിൽ രാധാകൃഷ്ണമേനോൻ) കുടുംബങ്ങളില്ല കൂട്ടങ്ങളേയുള്ളൂ. ജയിലും തെരുവുമാണ് പൊതുവിൽ അവയുടെ ഭൂഭാഗങ്ങൾ. രണ്ടിലും കൈവഴികൾ കൂടുതൽ സമർഥനും ബുദ്ധിമാനുമായ ഒരാളിലേയ്ക്ക് ഒഴുകിയെത്തുന്നു. ഒരു കൊല വേണം, അതിനൊരു കാരണം വേണം, അതു മറച്ചു വയ്ക്കുപ്പെടുമ്പോൾ മറ്റൊരു ആൽഫാ മെയിൽ വന്ന് അതു പൊളിച്ച് ആളാവുന്നു.. ഹിംസമാത്രമല്ല, കലയും തത്വചിന്തയുമൊക്കെ അതിജീവനതന്ത്രത്തിന്റെ ഭാഗമാവുന്നതുകൊണ്ട് പൃഥ്വീരാജിന്റെ കഥാപാത്രം അനവസരത്തിലും തത്ത്വങ്ങൾ കാച്ചുന്നു. ക്ലീഷേ ഷോട്ടുകളുടെ കൂത്തരങ്ങും അയുക്തികതയുടെ ദീപാവലിയും ആണെങ്കിലും കഥയുടെ അവസാനത്തെ ഒറ്റ ട്വിസ്റ്റു കൊണ്ട് സെവന്ത് ഡേ കാണികളെ അന്ധാളിപ്പിക്കുന്നു. സാഹിതീയമായ പരിണാമഗുപ്തി!


മനുഷ്യജീവൻ വച്ചു കളിക്കുന്നതിനാൽ ഈശ്വരന്റെ പ്രതിരൂപമാണ് ഡോക്ടർമാർ എന്ന വിശ്വാസത്തെ വളച്ചുകെട്ടാതെ ആവർത്തിക്കുന്ന സിനിമയാണ് മാധവ് രാംദാസൻ സംവിധാനം ചെയ്ത അപ്പോത്തിക്കരി. നീണ്ടുനിൽക്കുന്ന വിചാരണയുടെ അതിവാസ്തവദൃശ്യങ്ങളിലൂടെ മരുന്നു പരീക്ഷണം, സ്വാർത്ഥത, മെഡിക്കൽ ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ പരിഗണനയ്ക്കെടുക്കുന്നുണ്ട് സിനിമ. ഇതേ പ്രശ്നം ഗാങ്സ്റ്ററിൽ ഒരു വശത്തുണ്ടായിരുന്നു. അരുൺ കുമാർ അരവിന്ദിന്റെ വൺ ബൈ ടുവിലും ആശുപത്രികളുടെയും മരുന്നു പരീക്ഷണത്തിന്റെയും സന്മാർഗസംഹിത ആലോചനാവിഷയമാണ്.


കാണികളുടെ സഹാനുഭൂതിയെ ചൂഷണം ചെയ്തുകൊണ്ട് കൊലയ്ക്കോ കുറ്റകൃത്യത്തിനോ ഉള്ള പ്രമാണപത്രങ്ങൾ കരസ്ഥമാക്കുക എന്ന അടവുനയമാണ് ജനപ്രിയ കുറ്റകൃത്യസിനിമകളുടെ സ്ഥിരം രീതി. കുടുംബം, വിശ്വാസവഞ്ചന, ചൂഷണമുതൽ, സ്ത്രീപീഡനം എന്നിവയെ വൈകാരികമൂലധനമാക്കിക്കൊണ്ട് സിനിമകൾ ഇക്കാര്യം ഭംഗിയായി നിർവഹിക്കുന്നു. ഹോളിവുഡിൽ 80 കളിൽ ഭരണകൂടത്തോടു ചേർന്നു നിൽക്കുന്ന പോലീസുകാരോ കുറ്റാന്വേഷകരോ ഉദ്യോഗസ്ഥരോ നായകനാവുന്ന പതിവ് തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ തകിടം മറിഞ്ഞ് സമാന്തരഭരണകൂടങ്ങളുടെ നായകൻമാരും ക്രിമിനലുകളും സമൂഹത്തിൽനിന്നു ബഹിഷ്കൃതരായവരും സമൂഹത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ശാസകരാവാനുള്ള യോഗ്യത ചലച്ചിത്രങ്ങളിൽ നേടുന്നതിനെക്കുറിച്ച് കുറ്റകൃത്യസംസ്കാരത്തിന്റെ പഠനം പറയുന്നുണ്ട്. മലയാളത്തിന്റെ പൊതുബോധം ഇതിനു കൃത്യമായ അതിർവരമ്പുവെട്ടാൻ ഇനിയും സന്നദ്ധമായിട്ടില്ല. കുറച്ചവിടെയും കുറച്ചിവിടെയും എന്നമട്ടിലാണ് ചായ്‌വ്. പക്ഷേ ക്ലീഷേകൾ ആവർത്തിക്കുമ്പോഴല്ല, സമൂഹത്തിന്റെ അബോധത്തിലെ ചുരമാന്തുന്ന കൊമ്പുകളെയും കറുത്ത വേരുകളെയും തിരഞ്ഞുപിടിക്കുന്നതിലൂടെയാണ് സിനിമ അതിന്റെ അർത്ഥം കണ്ടെത്തി സംസ്കാരത്തിനു വരി കൊടുക്കുന്നത്. 2014 -ൽ പ്രമേയത്തിന്റെ കനം കൊണ്ടും ആഖ്യാനത്തിന്റെ മുഴക്കംകൊണ്ടും വ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റിയ ഞാൻ സ്റ്റീവ് ലോപ്പസും (രാജീവ് രവി) മുന്നറിയിപ്പും (വേണു) കൂട്ടത്തിൽ തലപൊക്കത്തോടെ നിൽക്കുന്നത് അതുകൊണ്ടാണ്. അവയ്ക്ക് വേറിട്ട അടിക്കുറിപ്പുകൾ ആവശ്യമാണ്.


(ജനയുഗം വാരാന്ത്യം)

No comments: