January 27, 2016

സദാചാര കരച്ചിലുകളുടെ രാഷ്ട്രീയം


കഥയുണ്ട് സൂക്ഷിക്കുക :

'18+' ൽ ഷാജികുമാർ അവതരിപ്പിച്ച സമൂഹത്തിന്റെ അബോധത്തിലെ പ്രശ്നങ്ങളെയാണ് 'കന്യകാടാക്കീസിൽ' മനോജ് യുവത്വത്തിന്റെ ഒഴിയാബാധയാക്കി ഒത്തുതീർപ്പാക്കിയത്. കൂടെ , സാമൂഹിക പ്രതിബദ്ധതയ്ക്കായി സിനിമ എന്ന ദൃശ്യകാവ്യം സ്ത്രീ ശരീരത്തെ നാളിതുവരെ ഉപയോഗിച്ചതിനെ ബുദ്ധിപരമായി ശകാരിക്കുകയും ചെയ്തു. സംഭവം സക്സസ്!  തുണ്ടിനായി കിടന്നു കൂവുന്ന കാണികളെ പ്രൊജക്ടർ റൂമിലെ കിളിവാതിലിലൂടെ നോക്കിയിട്ട് കുതിരവട്ടം പപ്പുവിന്റെ ഒരു കഥാപാത്രം  'കിട്ടേണ്ടതു കിട്ടിയപ്പം കൂവലു നിർത്തി, ശവങ്ങൾ' എന്നും പറഞ്ഞ് കാറിത്തുപ്പിക്കൊണ്ട് ആട്ടുന്നത് ഒരു സിനിമയിൽ ഉണ്ട്, കുത്തുവാക്കായി. അതുകേട്ടും ജനം ചിരിക്കും. കാണാനാഗ്രഹിക്കുന്നത് പുറത്തെടുത്തിടാൻ വയ്യാത്ത വകകളാണെങ്കിൽ അതിനെ കളിയാക്കുന്നതിലൂടെ ലഭിക്കുന്ന ആനദം ഒരു മുൻകൂർ ജാമ്യമെടുക്കലാണ്, മൃദുവായ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് തന്റെതന്നെ ആഗ്രഹങ്ങളോട് കൂടുതൽ രാജിയാകാനുള്ള മുന്നൊരുക്കം.

ശരീരം എക്കാലത്തെയും വലിയ അശ്ലീലമാണ്. സ്ത്രീയുടെ ശരീരം അതിന്റെ പ്രലോഭനം വച്ചുകൊണ്ടുതന്നെ കൂടുതൽ വെറുപ്പിക്കുന്ന ഒന്നാണെന്ന് ഒരു ഭാവം പുറമേ ചമയാൻ  വല്ലാത്ത ത്വരയുണ്ട് മനുഷ്യർക്ക്.. ('പെണ്ണിന്റെ നിറഞ്ഞമാറും പൊക്കിൾത്തടവുമൊക്കെ കണ്ട് വെറുതേ മോഹാവേശങ്ങൾ കാണിക്കരുത്'... ശങ്കരാചാര്യർ..)   മാർത്താണ്ഡന്റെ 'പാവാട' എന്ന സിനിമ, ആദ്യത്തെ പകുതിയിലെ കൊമ്പിടാൻ തമാശകൾ കഴിഞ്ഞ് രണ്ടാം പകുതിയിൽ മുഴുവൻ നാടകം കളിച്ച് വികാരം മുറുക്കുന്നത്,  ഈ (സ്ത്രീ) ശരീരത്തിന്റെ തുറന്നുകാണിക്കലിനെ സംബന്ധിച്ചുള്ള ന്യായാന്യായ വിവേചനം നടത്തിക്കൊണ്ടാണ്. പെണ്ണിന്റെ ശരീരം സ്ക്രീനിൽ  വന്നതോടെ (സമൂഹത്തിൽ അനാവൃതമായതോടേ) ഭർത്താവിനും മകനും ഉണ്ടാവുന്ന ജീവിത തകർച്ചയെയാണ് സിനിമ പൊലിപ്പിക്കുന്നത്. കല്യാണം കഴിഞ്ഞാലും ചാരിത്ര്യം തകരാതെ കാമുകിയെ രക്ഷിച്ച് കാമുകനെത്തിക്കുന്ന, നമ്മുടെ സിനിമകളിലെ കാവ്യനീതിവച്ച്, ഇവിടെ ശരീരത്തിനുള്ള പാവനത്വം മറ്റൊരു വിധത്തിൽ സംരക്ഷിക്കപ്പെടുന്നു എന്നേയുള്ളൂ. അതായത് തുറന്നു കാണിച്ചത് ഈ പറയുന്ന ഭാര്യ- കം അമ്മയുടെ സാത്വിക ശരീരമല്ല. അവരുടെ അനുവാദത്തോടെയുമല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെയാണ്. അവർക്ക് ഭർത്താവുമില്ല.

ഇതിൽ ചതിയെന്ന മൂലകത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. പ്രധാനം ശരീരം എന്ന ഗൂഢവസ്തുവിന്റെയാണ്. മേൽപ്പറഞ്ഞ സ്ത്രീയുമായി ബന്ധപ്പെട്ട രണ്ടാളുകൾ - അവരുടെ ഭർത്താവും മകനും - കള്ളു കുടിയന്മാരാണ്. അതൊരു തെറ്റല്ല, കാരണമവർ കുടിച്ചു തീരുക്കുന്ന കള്ളിനേക്കാൾ എത്രയോ മടങ്ങാണ് അവർ കുടിച്ച കണ്ണീർ എന്നൊരു കവിവാക്യം ( ഫെയിസ് അഹമ്മദ്) സിനിമയുടെ ആദ്യം തന്നെ എഴുതി കാണിക്കുന്നുണ്ട്. കള്ളു കുടിയനായ ഭർത്താവ് ചൊല്ലു വിളിയുള്ള ആളല്ല, അതേ മാതിരിയാണ് മകൻ.. രണ്ടും ദുർബല കഥാപാത്രങ്ങൾ. അച്ഛനെ പോലെ തന്നെ മകൻ, ദൈവഭയമുള്ള സാത്വികയായ ഭാര്യയെ സംശയിക്കുകയും ചെയ്യുന്നു, (അതും യേശു പ്രതിമയോട് ഭാവുകത്വപരമായി സംസാരിച്ചതിന്) ഇയാളുടെ പിതാവ് മുൻപ് അണ, പൈസ ചോദിച്ചു വാങ്ങിച്ചുകൊണ്ട്, പണത്തിനു വേണ്ടി ഭാര്യയെ സിനിമയിൽ വിട്ട ആളാണ്.  സിനിമയിലെ ശരീര പ്രദർശനം പ്രശ്നമായപ്പോൾ  ഭാര്യയെ കൈവിട്ടു. അതുകൊണ്ട് അയാൾ ഒരു തെറ്റുകാരനല്ലെന്ന് സിനിമ പറയുന്നു.   കള്ളുകുടിയന്മാർ സത്യസന്ധരും ഭാവനാശാലികളും ആണത്രേ. അവരുടെ പാപം പാപമല്ല, എന്നാൽ സ്ത്രീയുടെ ചാരിത്ര്യവും ശരീരവും (മറ്റുള്ളവരുടെ) ജീവിത ദുരന്തത്തിനുള്ള കാരണമാണ്. ഏതു സമയത്തും അങ്ങനെയാകാം.

പാവാട എല്ലാത്തരത്തിലുള്ള ആൾക്കാരെയും രസിപ്പിക്കുന്ന സിനിമയാണെന്നാണ് (നിർമ്മാതാവിന്റെ) അവകാശവാദം.  കാശു കൊടുത്ത് സിനിമയ്ക്കു കേറുന്നവന് രസിക്കണം, അവന് ബ്രഹ്മാണ്ഡതത്ത്വമല്ല ആവശ്യം. (എന്ന് മണിയൻ പിള്ളരാജു) സിനിമ ആദ്യപകുതിയിൽ ഈ പറഞ്ഞ ജനങ്ങളെ രസിപ്പിക്കുന്നത് അതിലെ സംഭാഷണങ്ങളിലെ  തെറിയും ദ്വയാർത്ഥങ്ങളും വച്ചാണ്. വണ്ടിയിലിരിക്കുന്ന കുണ്ടി, കൊതവും കുത്തി വീണാൽ, കമ്പി എന്നു പറയുമ്പോൾ കമ്പിയെന്നു മാത്രം അർത്ഥമെടുത്താൽ പോരേ? ഇതൊരുമാതിരി മൈ... ( മൈനാകം കടലിൽനിന്നുയരുന്നുവോ) ഇതൊരു മാതിരി പൂ.. ( പൂമാനമേ.. ഒരു രാഗമേഘം താ..) ഈ മട്ടിലാണ് തിയേറ്റർ ഇളകി ആളുകൾ ചിരിപ്പിക്കുന്ന സംഭാഷണത്തിന്റെ പോക്ക്. ആണുങ്ങളുടെ സംഭാഷണത്തിലെ അശ്ലീലം,  സിനിമയെ വിജയിപ്പിക്കുന്ന രസകരമായ ഒരു ഘടകമായിരിക്കുമ്പോൾ, സ്ത്രീ ശരീരം ഒരുതരം പ്രായശ്ചിത്തം ചെയ്യേണ്ട 'പാപ'മാണെന്ന മട്ടിലാണ് സിനിമാ സന്ദേശത്തിന്റെ പോക്ക്. അതായത് സിനിമയിലെ ഡയലോഗിൽ പറയുന്നതുപോലെ 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന്..  സിനിമ ഉള്ളടക്കിയിരിക്കുന്നത് അത്തരമൊരു കാപട്യമാണ്. സ്ത്രീയുടെ അനുവാദമില്ലാത്ത ശരീരപ്രദർശനം എന്നൊക്കെയുള്ളത് ദുർബലമായി തിരുകിക്കേറ്റിയ നാടകീയതയാണ്. അത് പെൺകുട്ടികളുടെ അമ്മയുടെ വിജയിച്ച ജീവിതം കാണിക്കുന്നിടത്ത് പൊളിയുന്നുണ്ട്. ( സമ്മതത്തോടെ ശരീരം കാണിച്ച സ്ത്രീ ജീവിതത്തിൽ വിജയിക്കുന്നു, അല്ലാത്തവൾ ജീവിതത്തിൽ പരാജയപ്പെടുന്നു..) കള്ളത്തരം സത്യത്തേക്കാൾ രസകരമാണെന്നതുകൊണ്ട് ജനത്തിനു സുഖിക്കും. ഒപ്പം അബോധത്തിൽ കുമിഞ്ഞുകിടക്കുന്ന ഒരു ഇച്ഛാഭംഗത്തിനു തീറ്റികൊടുക്കാൻ പറ്റിയതരത്തിലുള്ള ഒരു സന്ദേശം കിട്ടിയതിന്റെ നിറവും.

സിനിമ കാണിക്കുന്ന കള്ളത്തിന് വേറൊരു ഉദാഹരണം കൂടി. മുരളിഗോപിയുടെ കഥാപാത്രത്തെ എന്തോ ഭയങ്കരൻ സംവിധായകനായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അയാൾ ബാറിൽ വച്ച് പറയുന്ന കഥകേട്ടാണ് നിർമ്മാണത്തെപ്പറ്റി ഒന്നും അറിയില്ലെങ്കിൽകൂടി അനൂപ് മേനോന്റെ കഥാപാത്രം സിനിമ നിർമ്മിക്കാൻ പുറപ്പെടുന്നത്. നല്ല സിനിമയാണ് ലക്ഷ്യം. ഇനി ആ കഥ കേട്ട് ബാറിലെ മുഴുവൻ ആളുകളും കൈയടിക്കുന്ന ഒരു സീനും സിനിമയിലുണ്ട്. ഒരു സിനിമതന്നെ നല്ല സിനിമയെപ്പറ്റി അവതരിപ്പിക്കുന്ന കഥ എന്തുപൊട്ടയാണെന്ന് കേട്ടു നോക്കിയാൽ അറിയാം.  പാവാട എന്ന സിനിമ, നല്ല മലയാള സിനിമ എന്ന പേരിൽ വച്ചു പുലർത്തുന്ന സങ്കല്പം അയാളുടെ ആ പുകമറ വാചകത്തിൽ ഉണ്ടെന്നു പറഞ്ഞാൽ എല്ലാമായി. അതിനേക്കാൾ എന്തുകൊണ്ടും പ്രായോഗികമാണ് കലാഭവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ ചെയ്‌വനകൾ.. അയാൾ പഴയ പ്രസിദ്ധമായ ഒരു 'എ' ചിത്രം പുതിയ കാലത്തിനനുസരിച്ച് ത്രീഡിയിൽ റീമേക്കു ചെയ്യാനാണ് തുടങ്ങിയത്. അപ്പോൾ അതുവേണ്ടെന്നു പറഞ്ഞു ഒരു സംഘം രംഗത്തുവരുന്നു, പിരി മുറുകുന്നു. അവസാനം വേണ്ട എന്നുള്ളതു ജയിക്കുന്നു.

അമ്മ എന്ന സങ്കല്പത്തെ സമകാലിക നിരോധന രാഷ്ട്രീയങ്ങളുമായി കൂട്ടു പിടിച്ച് നമുക്ക് വാർത്തെടുക്കാവുന്ന അച്ചുകൾ നോക്കിയാൽ മതി ഈ സിനിമയുടെ ഇംഗിതങ്ങൾ അത്ര നിരുപദ്രവകരമല്ലെന്നു മനസ്സിലാക്കാൻ. ഭാരതമാതാവ്, സരസ്വതി, സീത ഇവരൊക്കെ നഗ്നരാവാൻ പാടില്ലാത്ത സ്ത്രീ സ്വത്വങ്ങളാണെന്ന് പൊതുജനത്തിനെ അറിയിക്കാൻ പലമാർഗങ്ങളിലൊന്ന്, പാരമ്പര്യം സംസ്കാരം തുടങ്ങിയ ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയിൽ രൂപം മാറുന്ന വസ്തുക്കളെ വച്ചുള്ള വൈകാരികതയാണ്. നമ്മൾ ഈ പറയുന്ന അർത്ഥത്തിലുള്ള സംസ്കാരം, ആസന്ന ഭൂതത്തിലുള്ള വൈദേശിക ചരക്കാണ്. ഇന്ത്യൻ സഭ്യത, പാരമ്പര്യം തുടങ്ങിയ കള്ളികൾക്കുള്ളിൽ നിറഞ്ഞ് ഒതുങ്ങി നിൽക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് സ്ത്രീയെ മുൻ നിർത്തിയുള്ള സദാചാര വിചാരങ്ങൾക്ക് വർത്തമാനവസ്ഥയിൽ വില കൂടുന്നത്. സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ അമ്മ - മകൻ ബന്ധം മലയാള സിനിമയിൽ വന്നിട്ട് കാലം കുറെ ആയതിനെപ്പറ്റിയും നിർമ്മാതാവായ മണിയൻ പിള്ള രാജു പരാമർശിക്കുകയുണ്ടായി. സ്ക്രീനിൽ സ്ത്രീയുടേതെന്നു പറഞ്ഞു വരാൻ പോകുന്ന ശരീരം തന്റെ അമ്മയുടെതാണെന്നും അതൊരിക്കലും അനുവദിക്കരുതെന്നുമാണ് മകന്റെ വിനീതമായ അപേക്ഷ,  കോടതി എന്ന അധികാരത്തോട്.. അതിന്റെ ഒരു പ്രായോഗിക വശം നമ്മൾ തെരുവിൽ കണ്ടതാണ്.. അതിന്റെ ഭാവാത്മകവശം വ്യക്തിരൂപകമായി സ്ക്രീനിൽ കാണുന്നു...

സണ്ണിലിയോണിന്റെ അശ്ലീലമല്ലാത്ത ശരീരത്തിന്റെയും നമ്മുടെ ശിരസ്സിനു മുകളിലൂടെ കടന്നുപോകുന്ന ലൗ എന്ന ത്രീഡി സിനിമയുടെയും വർത്തമാനസ്ഥിതിയിൽനിന്നുകൊണ്ട് 'പാവാട'എന്ന സിനിമ ശരീരം എന്ന പാപസങ്കല്പത്തെ ഊട്ടി ഉറപ്പിക്കാൻ നടത്തുന്ന ദയനീയവും അതിഭാവുകത്വപരവുമായ ശ്രമങ്ങളെ നോക്കിയിരിക്കുന്നത് രസകരമാണ് !


January 16, 2016

ഗുലാം അലി പാടുന്നതിനു മുൻപ്...


മുൻപ് ഗൾഫിൽ കണ്ടിട്ടുള്ള ചില പ്രകടനങ്ങളാണ് ഇന്നലെ ഗുലാമലിയുടെ ഗസൽ വേദിയിൽ നടന്നത്. ഒരു പക്ഷേ ഇവിടങ്ങളിലും - ചില മേൽത്തട്ട് സംഘടനകളുടെ പ്രായോജക പരിപാടികളിൽ-  നടക്കുന്നുണ്ടാവാം. ഏതായാലും അത്തരം വേദികളിൽ ചെന്നിരിക്കാൻ  അധികം അവസരം കിട്ടാത്തതുകൊണ്ട് കാണാത്തതായിരിക്കാം. പക്ഷേ ഇന്നലത്തേത് സംസ്ഥാന അതിഥിയായി വന്ന ഗുലാമലിയുടെ പരിപാടിയാണ്. പ്രമുഖ രാഷ്ട്രീയ സംഘടനയ്ക്ക് കൈയുള്ള ഒരു സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയാണ്.

 അതിഥിയുടെ സുരക്ഷയെ കരുതി കനകക്കുന്നിന്റെ ഗേറ്റു മുതലേ സുരക്ഷാക്രമീകരണങ്ങൾ ആരംഭിക്കുന്നു. പാസ് അനിവാര്യം. വേദിക്ക് മുന്നിലായി രണ്ടു ബാരിക്കേടുകൾ, അതിൽ ആദ്യത്തേത് ക്യാമറക്കാർക്കുള്ളത്. അവർക്കും വി ഐ പി കളായ അതിഥികൾക്കും ഇടയിൽ ബാരിക്കേടിന്റ്യെ മറ്റൊരു ഇടനാഴിയിൽ സദസ്യരെ നോക്കി ബലം പിടിച്ചു നിൽക്കുന്ന കമാൻഡോകൾ. വി ഐ പി വേലിക്കു പുറത്ത് സാധാരണക്കാർക്കുള്ള ഇരിപ്പിടം. കൃത്യസമയത്ത് പരിപാടി തുടങ്ങുന്നു. ആദ്യം എം ബി എസിന്റെ ക്വയറാണ്. 'സ്വാഗതം സുസ്വാഗതമെന്ന്' ഓ എൻ വി കുറുപ്പിന്റെ വരികൾ പതിവു രീതിയിൽ സ്റ്റേജിന്റെ ഒരറ്റത്തുനിന്ന് കൂട്ടായി പാടിയിട്ട് അവരു മടങ്ങി. ഓ എൻ വി തന്നെ രചിച്ച പാട്ടു വച്ച് സരസ്വതി വിദ്യാലയത്തിലെ കുട്ടികളുടെ വക ഡാൻസ്. നൃത്തത്തിലൂടെ കുട്ടികൾ സ്വീകരിക്കുന്ന ആൾ അപ്പോൾ അവിടെ എത്തിയിട്ടില്ല. അടുത്തത് ഓ എൻ വിയുടെ ചെറുമകൾ അപർണ്ണരാജീവിന്റെ ഗസൽ. തൊട്ടടുത്ത് വൈക്കം വിജയലക്ഷ്മി. അപർണ്ണ പാടിക്കഴിഞ്ഞ് വിജയലക്ഷ്മി  'ചുപ്കേചുപ്കേയും ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലും' പാടുന്നു. അതു കുഴപ്പമില്ല. വീണ്ടും അപർണ്ണയുടെ ഗസൽ..അപ്പോൾ അതിഥികളെത്തുന്നു. ഗസൽ മുറിയുന്നു. ഇരുന്നശേഷം ഗസൽ തുടരുന്നു. ഗുലാമലിയെ പ്രകീർത്തിക്കുന്ന ഒരു വീഡിയോ പിന്നാമ്പുറത്ത്. ടൂറിസം മന്ത്രിയുൾപ്പടെയുള്ളവർ വാക്കുകൾ സംഗീതത്തിനായി ചുരുക്കി. നന്നായി. . അതുകഴിഞ്ഞ് എം ജയച്ചന്ദ്രൻ ഗുലാമലിയ്ക്കൊരുക്കിയ ആദരാഞ്ജലി - ഫ്യൂഷൻ സംഗീതം. പിന്നെ ഉപഹാരസമർപ്പണങ്ങളാണ്. ഓഎൻവി വക, എം ജയചന്ദ്രൻ വക, എം എ ബേബി വക, പ്രവാസി മലയാളിവക, കേരളസർക്കാർ വക. ഓടക്കുഴൽ, തിമില, ഇടയ്ക്ക, തംബുരു., ഡമരു.... അതുകഴിഞ്ഞ് അമ്മത്തൊട്ടിലിലെ ഒരു കൊച്ചു കുട്ടിയ്ക്ക് ഗുലാമലി വഴി ഒരു ശ്രുതിപ്പെട്ടി നൽകുന്നു. ഇത്രയും വെളിച്ചം ജീവിതത്തിലാദ്യമായി കാണുന്ന കൊച്ച് അന്തം വിട്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. . അതു കഴിഞ്ഞിട്ടും ഗുലാമലി പാടുന്നില്ല. വരുന്നത് പണ്ഡിറ്റ് വിശ്വനാഥനാണ്. അദ്ദേഹത്തിന്റെ വക 'സംഗീതജ്ഞർക്ക് ആളുകൾ വേലി കെട്ടുന്നത് സംബന്ധിച്ച ദൈന്യങ്ങൾ. ഗുലാമലിയ്ക്കെതിരെയുള്ള ആക്രോശങ്ങളിലെ വേദന', പിന്നെ മൂന്നു പാട്ടു്.  അതുംകഴിഞ്ഞിട്ടാണ് അലിയുടെ ഗസൽ ആരംഭിക്കുന്നത്.

ഗുലാമലിയുടെ ഇന്ത്യയിലെ പാട്ട്, രാഷ്ട്രീയപ്രവർത്തനംകൂടി ആകുന്നതുകൊണ്ട് ഗസലിന് ആളുകൂടുന്നത് ഒരു വലിയകാര്യമാണ്. എങ്കിലും അതിനപ്പുറത്ത് ചിലത് ആലോചിക്കാനുണ്ട്. അലിയെ ഭാരതമണ്ണിൽ പാടിക്കാതിരിക്കാൻ കിണഞ്ഞുകൊണ്ട്  പാകിസ്താൻ വിരോധവും കത്തിച്ച് പോത്തിനെയും എഴുന്നള്ളിച്ച് വന്ന ഒരു കൂട്ടത്തിന്റെ ആശയത്തെ തള്ളിക്കളയാൻ അതിനേക്കാൾ ആൾബലവും ബൗദ്ധികശേഷിയുമുള്ള മറ്റൊരു കൂട്ടം വികസിച്ചു വരുന്നത് നല്ലതാണ്. അതൊരു പ്രകടനംകൂടിയാണ്.  എന്നാൽ പാട്ടല്ല, പ്രകടനംതന്നെ പ്രധാനമാവുമ്പോൾ മർമ്മം മറന്ന അവസ്ഥയാകും. വേദിയിൽ നാന്നൂറുപ്രാവശ്യം പേരുച്ചരിക്കുന്നുണ്ടായിരുന്നെങ്കിലും ഗുലാം അലിയായിരുന്നില്ല പ്രധാനം. പകരം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസക്തി മറ്റെന്തൊക്കെയോ ആയി മാറിക്കൊണ്ടിരുന്നു.  നോക്കുക. അലി എന്ന രാഷ്ട്രീയ രൂപകം കേരളത്തിന്റെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവുന്നു. മലബാർ ഗോൾഡിനും സ്പോൺസർ ചെയ്ത് അവതരിപ്പിക്കാനുള്ള ചരക്കാവുന്നു. ബിംബമാകുന്നു. കാലുതൊട്ട് വന്ദിക്കാനുള്ള ആൾദൈവമാകുന്നു. രാഷ്ട്രീയപ്രചരണത്തിനുള്ള മാധ്യമമാകുന്നു. പ്രതിലോമമായ മൂല്യങ്ങൾക്കു തന്നെ തട്ടിൽകേറി കളിക്കാനുള്ള  ഉപാധിയാകുന്നു.. ( രാഷ്ട്രീയ സമ്മേളനങ്ങളിൽ കാണുന്നതുപോലെ ആളുകൾ വേദിയിൽ അലിയോടൊപ്പം നിരന്നിരിക്കുന്നതും ആരൊക്കെയോ വന്ന് ഇരുന്നവരെ കസേരയിൽനിന്ന് എഴുന്നേൽപ്പിക്കുന്നതും അവർ പിന്നെയും വന്നിരിക്കുന്നതും കാണാമായിരുന്നു. ആരാണ് ഇവരൊക്കെ.. ആ...).  ഒരു പരിചയാകുന്നു. അങ്ങനെ പലതും ആകുന്നു.

ആവുന്നതിൽ കുഴപ്പമില്ല. ആക്കിത്തീർക്കുന്നതിൽ കുഴപ്പമുണ്ട്. ഇന്നലെ എത്ര പേരാണ് വന്ന് അദ്ദേഹത്തിന്റെ കാലുതൊട്ട് വന്ദിച്ചതെന്ന് വ്യക്തമല്ല. (കാലുതൊട്ട് വന്ദിക്കുക തുടങ്ങിയ പ്രകടന വിനയങ്ങളെ ചണുക്കു പറ്റാതെ ഇങ്ങോട്ടു കൊണ്ടിറക്കുന്നതിൽ  ഇതുപോലെയുള്ള കെട്ടുകാഴ്ചകൾക്ക് നല്ല പങ്കുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന ആയിരങ്ങൾ വിനയത്തിന്റെ പ്രധാന ലക്ഷണമായി അതെടുത്ത് വീട്ടിൽകൊണ്ടു പൊയ്ക്കോളൂം.) ചിലർ രണ്ടും മൂന്നും പ്രാവശ്യം. അതിൽ ആവേശം കൊണ്ടിട്ടാകണം അദ്ദേഹത്തിന്റെ മകനും വന്ന് കാലുതൊട്ട് തലയിൽ വയ്ക്കുന്നു ഇടയിൽ. (അവർക്കത് ശീലമാണ് നമുക്കോ?) അദ്ദേഹത്തിന് ആദരാഞ്ജലി ( എന്നാണ് പ്രയോഗം ട്രിബ്യൂട്ട്) ഒരുക്കിക്കൊണ്ട് എം ജയചന്ദ്രൻ ഒരുക്കിയ ഫ്യൂഷനിലിടയ്ക്ക് 'സലാം ഗുലാം അലി' എന്നു പറയുന്നതിനിടയ്ക്ക് പാട്ടു പാടാതെ ഗായകർക്ക് കൈയാഗ്യം കാണിച്ചുകൊണ്ട് വേദിയുടെ ഒത്ത നടുക്ക് നിൽക്കുന്ന എം ജയച്ചന്ദ്രൻ സിനിമകളിലെ നായകൻ ചെയ്യുന്നതുപോലെ മുട്ടു കുത്തി വേദിയിലിരുന്ന് അലിയെ നോക്കി കൈകൾ വിടർത്തുന്നു. ചെറുമകൾ പാടുന്ന സമയത്ത് ഓ എൻ വിക്കും ( കവിയ്ക്ക് തീരെ വയ്യ. എന്നാൽ കൊച്ചു മകൾ ഗുലാമലിയെപോലെയൊരു രാജ്യാന്തരപ്രശസ്തന്റെ സാന്നിദ്ധ്യത്തിൽ പാടുന്നതു കേൾക്കാനുള്ള ആഗ്രഹമാണോ ഗുലാമലിയോടുള്ള ആദരവാണോ വേദിയിലെത്തിച്ചത്?)  ഭാര്യയ്ക്കും സീറ്റ് വേദിയിൽ. മറ്റൊന്ന് പരിമിതമലയാളം കൈവശമുള്ള അവതാരക, സുന്ദരി,  ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാറി മാറി ഉപയോഗിച്ചുകൊണ്ട് '  ആ മുഹൂർത്തമാണ് ഇപ്പോൾ നമ്മൾ കാണുന്നത്, ഒരു വലിയ കൈയടി കൊടുക്കാം ' എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. (എന്തിനും ഒരു 'ബിഗ് അപ്ലൗസ്...) ഇതിന്' എന്നൊക്കെ തട്ടി വിടുന്നു. ഇതെന്ത് സ്കൂൾ പിള്ളേർക്ക് മുന്നിൽ മകരവിളക്കിന്റെ തത്സമയ സമ്പ്രേക്ഷണമോ?

 അലി പാടിയത് ആകെ 5 പാട്ട്. ബാക്കി രണ്ടര മണിക്കൂറിലധികം സമയമത്രയും എടുപ്പുകൾക്കും ചട്ടക്കൂടൊരുക്കാനും.  അവാർഡുദാനം പോലെയുള്ള ചടങ്ങുകളൊക്കെ കഴിഞ്ഞ ദിവസം മസ്കറ്റുഹോട്ടലിൽ നടന്നതിനു ശേഷമാണിത്രയും മിച്ചം). ഒരു ഗസലിന്റെയോ മെഹ്‌ഫിലിന്റെയോ സ്വകാര്യമായ ആസ്വാദകസദസ്സ് വേറെയാണ്. അതു വാണിജ്യാടിസ്ഥാനത്തിലാവുമ്പോൾ പോലും കല പ്രധാനമാവണം. അല്ലെങ്കിൽ പരക്കുന്നത്/ പരത്തുന്നത് തെറ്റായ സന്ദേശമാകും. . പാട്ടിനല്ല പ്രകടനങ്ങൾക്കു മാത്രമായി മാറിപോകുന്ന ഒരു വേദി കെട്ടുക്കാഴ്ചയാണ്. ഇതിന്റെ ഫലം അലിയുടെ ആദ്യപാട്ടു കഴിഞ്ഞപ്പോൾ ജനം സദസ്സു വിടാൻ തുടങ്ങിയതിലുണ്ട്. കമ്പം കഴിഞ്ഞാൽ പിന്നെ തിടമ്പ് ആളുകൾ മറക്കുമെന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. പാട്ടല്ല, അലിയെന്ന പ്രശസ്തനെ ചുറ്റി നിൽക്കുന്ന ആശയത്തോടുള്ള പ്രതികരണം മാത്രമാണ് ഇന്നലെ വേദിയിൽ കേറി കളിച്ചത്. പുറത്ത് കൊമ്പുകുലുക്കികൾ മണ്ണുകുത്തി ഇളക്കുമ്പോൾ ഇത് മോശം കാര്യമല്ല. എന്നാൽ കലയുടെ കാര്യം തനിച്ചെടുത്താൽ, ഇത്തരം പ്രകടനങ്ങൾ നമ്മുടെ കലാപരമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾകൂടിയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ദുരന്തമായി കലാശിക്കാനുള്ള എല്ലാ സാധ്യതയും അതിനകത്തുതന്നെ ഉണ്ട്. ആ സ്ഥലവും നഷ്ടപ്പെടുക എന്നു വച്ചാൽ....?

January 15, 2016

കരാഗ്രേ വസതേ...




എം എ കാലത്ത് ഉരുവിട്ടു നടക്കുന്ന കിടിലൻ ഉദ്ധരണികളിലൊന്നായിരുന്നു കഥയിലെവിടെയെങ്കിലും തോക്കുണ്ടെങ്കിൽ കഥ തീരുമുൻപ് അതു പൊട്ടണമെന്നുള്ളത്. ചുവരിൽ ഒരു തോക്കു തൂങ്ങിക്കിടക്കുന്നുണ്ടെങ്കിൽ നാടകം തീരുന്നതിനു മുൻപ് അതു പൊട്ടിയിരിക്കണം എന്ന് ചെക്കോവിന്റേതായി പിന്നെ അതു മാറി. ആ എം എ കാലം മാത്രം വച്ചല്ല കളി. ജ്ഞാനോദയം പാരലൽ കോളേജിലെ മലയാളം ടീച്ചർ ( അല്ലാതെ ആർക്കാണ് അതിധൃതി എന്ന ഛന്ദസ്സിലുള്ള ഒരു മുക്തകം കാമുകന്റെ കാതിലോതിക്കൊടുക്കാൻ കഴിയുക?) പദ്മിനി.. എന്നവസാനിക്കുന്ന ഒരു ശ്ലോകം കാതരമായ ഒരു മുഹൂർത്തത്തിൽ കാതിലോതിക്കൊടുക്കുന്നു. അതും നേരത്തേ പറഞ്ഞ അകാൽപ്പനികമായ ഒരു ലേബലിന്റെ (അതിധൃതി) കിന്നരിയോടെ. സത്യത്തിൽ ആ വാക്കല്ല, ശാർദ്ദൂല വിക്രീഡിതം എന്ന പരിചിതമായ വാക്കാണ് (വൃത്തമാണ്) അതിധൃതിയേക്കാൾ അവിടെ യോജിക്കുമായിരുന്നത്. പക്ഷേ . ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ച് നല്ല ബോധ്യമുള്ള എഴുത്തുകാരൻ അപരിചിത അന്തരീക്ഷം മാത്രമല്ല, വരാൻ പോകുന്ന അതിധൃതി എന്ന അവസ്ഥയെ കൺഫ്യൂഷൻ (സത്യത്തിലത് ആശയക്കുഴപ്പമല്ല) എന്ന അവസ്ഥയുമായി കൂട്ടിക്കെട്ടി പറഞ്ഞ കഥയാണിത്. ശ്ലോകത്തിന്റെ പരിണതിപോലെ, അതിന്റെ ഛന്ദസ്സിന്റെ പേർ ഉരുവിടുന്നതിനടിയിലും ഒരട്ടിയുണ്ട്.. ഇതാണ് 'ഗർഭിതം' എന്ന അവസ്ഥ. കുടുക്കയ്ക്കുള്ളിൽ കുടുക്ക എന്ന മട്ടിൽ ഒന്നുടയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലല്ല, , പല അട്ടികളായി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന മട്ടിലുള്ള, ഒരു പക്ഷേ ഒറ്റനോട്ടത്തിൽ തന്നെ ലയറുകൾ പലതുണ്ടെന്ന് വെളിപ്പെട്ടേയ്ക്കാവുന്ന തരത്തിലുള്ള ആഖ്യാനമാണ് ഇത്. 

'അഗ്രഹസ്തം' എന്നാണ് കഥയുടെ പേര്. നോക്കുക. അതിനു പാഠപുസ്തകങ്ങളിലെപോലെ പിന്നാമ്പുറത്ത് അർത്ഥവും കൊടുത്തിട്ടുണ്ട്. കരത്തിന്റെ തുമ്പെന്നും വിരലുകളെന്നും ആനയുടെ തുമ്പിക്കൈയുടെ അറ്റമെന്നുമൊക്കെ..ദേവദാസിന്റെ സ്ഥിരം പതിവനുസരിച്ച് ഇക്കഥയ്ക്കും ഉണ്ട് ഒരു താക്കോൽ വാക്യം, അരിസ്റ്റോട്ടിലിന്റെ. അതും രൂപകത്തെപ്പറ്റി. 

ഒരു അദ്ധ്യാപകൻ, കഥയുടെ ബാഹ്യമായ ലയറിൽ ഉണ്ട്. അല്ലെങ്കിൽ ഇത്രയും ആധികാരികതയോടെ രൂപകത്തെക്കുറിച്ച് പറയേണ്ട ആവശ്യം കഥയ്ക്കില്ല. പദ്മനാഭന്റെ കാലം താൻ കുത്തിട്ടുവയ്ക്കുന്ന വാക്കുകൾ,പോലും പൂരിപ്പിച്ചെടുക്കാൻ കഴിയുന്ന തന്റെ വായനക്കാരനെയാണ് വിഭാവന ചെയ്തിരുന്നതെങ്കിൽ അവനെ നിതാന്ത സംശയത്തോടെ നോക്കുന്ന ഒരവസ്ഥയിലേയ്ക്കാണ് ദേവദാസിന്റെ കാലം ചുഴിഞ്ഞു നോക്കുന്നത്. കാവ്യത്തിൽ താൻ ഇട്ടുവയ്ക്കുന്ന കെട്ടുകൾ അഴിക്കാൻ പറ്റുമോ ഇവന്മാർക്ക് എന്ന് മാഘൻ സംശയിച്ചിരുന്നു. അതേ പോലെ? വാൾട്ടർ ബെഞ്ചമിൻ കഥ പറച്ചിലുകാരനെക്കുറിക്കുന്ന രൂപകങ്ങളിൽ അവസാനം കൊണ്ടുവരുന്ന ഒരുത്തനാണ് ഈ അദ്ധ്യാപകൻ ( മറ്റു രണ്ടുപേർ വിദേശ സഞ്ചാരിയും കർഷകനും) പ്രായോഗിക ജീവിതത്തിനു യോജിച്ച ധാർമ്മികോപദേശമാണ് അയാളുടെ ലക്ഷ്യം. ഇവിടെ, കഥാവായനയെന്ന ശരിമാർഗത്തിനായാണ് കഥപറച്ചിലുകാരൻ പ്രാദേശികവും വൈദേശികവുമായ വഴികളെ ദിശാസൂചിയുടെ പാലംകൊണ്ടു ബന്ധിപ്പിക്കുന്നത്.

ചെറുകഥയെപ്പറ്റി നമ്മൾ ആവർത്തിച്ചുരുവിടുന്ന സ്തോത്രം അതിന്റെ ഏകാഗ്രതയെ സംബന്ധിച്ചുള്ളതാണല്ലോ. ഇതു പിന്നീട് ആധുനികകാലത്തെ കഥാകൃത്തുക്കൾ തകർത്തു, പല ജീവിതങ്ങളെ കഥയിൽ സമാന്തരമായി ആവിഷ്കരിച്ചുകൊണ്ട്. ( ഉദാഹരണത്തിന് ഹിഗ്വിറ്റയിലെ ഗോളിയും അച്ചനും) 'അഗ്രഹസ്ത'ത്തിൽ രൂപകത്തെപ്പറ്റി പറഞ്ഞുകൊണ്ട് മുന്നിൽനിൽക്കുന്നതാരാണ്? എന്തായാലും കഥയിലെ ആരുമല്ല. അടിക്കുറിപ്പുകളിൽ വെമ്പുന്ന ഒരു രചയിതാവ് ദേവദാസിന്റെ മിക്ക കഥകളിലും ഉണ്ട്. (വായനക്കാരന്റെ ശേഷിയിൽ സംശയിച്ചാണ് അടിക്കുറിപ്പുകൾ എന്ന് എം കൃഷ്ണൻ നായർ, അതു വൈലോപ്പിള്ളിയെ കുത്താനാണ്, അടിക്കുറിപ്പിന്റെ കാര്യത്തിൽ വല്ലാത്ത നിഷ്കർഷയുണ്ടായിരുന്നു വൈലോപ്പിള്ളിക്ക്) പക്ഷേ ആ 'അതിധൃതി' എന്ന പ്രയോഗം 'അഗ്രഹസ്ത'ത്തെപ്പോലെതന്നെ ക്ലാസ് റൂം പ്രയോഗമാണ്. ഇതിനൊരു സമാന്തരമുണ്ട്, 'മരപ്പാവകൾ' എന്ന അതീവ നേർത്ത പ്രണയത്തെ ആവിഷ്കരിക്കുന്ന കാരൂരിന്റെ കഥയിലൊരിടത്ത് 'ആശുഗൻ' എന്നൊരു വാക്ക് കേറി വരുന്നുണ്ട്. ഒരു മലയാളം അദ്ധ്യാപകനുമാത്രം സ്വാഭാവികമായി പ്രയോഗിക്കാൻ കഴിയുന്ന (എന്ന് സുകുമാർ അഴീക്കോട്)ഒരു ഉരുളൻ കല്ല്. എന്നു വച്ചാൽ അത് അനുചിതമാണെന്നല്ല. അത് മൗലികത അഥവാ 'മുദ്ര' കഥയിൽകൊണ്ടുവന്നു നാട്ടുന്നു എന്നാണ്. .ഈ കഥയ്ക്ക് മറ്റൊരു പേര് ദേവദാസിന് തെരെഞ്ഞെടുക്കാൻ പറ്റായ്കയൊന്നുമല്ല. ഛന്ദസ്സിന്റെ ( മാതൃഭൂമിയുടെ കൃത്യമായ പ്രൂഫ് റീഡിംഗിനു ശേഷവും 'ചന്ദസ്' എന്നാണ് കഥയിൽ) പേര് ആവശ്യ ഘടകവുമല്ല. മറിച്ച് ആ ശ്ലോകത്തിന്റെ അസാധാരണമായ് ട്വിസ്റ്റാണ് കഥയ്ക്ക് കനം നൽകുന്നത്. ഇതേ ശ്ലോകം 'ഗർഭിതം' എന്ന ദോഷത്തിനുദാഹരണമായി ഭാഷാഭൂഷണത്തിൽ കൊടുത്തിട്ടുണ്ട്. വാക്യത്തിനുള്ളിൽ മറ്റൊരു വാക്യം വരുന്നതാണ് ഗർഭിതം. ധാരാവാഹിയായ അർത്ഥത്തിനു വിച്ഛേദം വരുന്നതുകൊണ്ടാണ് ദോഷം. ചിലപ്പോൾ അതു ഗുണമായും തീരാം എന്ന് രാജരാജവർമ്മ. വൈദ്യന്മാർ വിഷത്തെ ഔഷധമാക്കുമ്പോലെ അതോ ഇതോ എന്ന് സംശയിച്ചിട്ട് താത്പര്യമുള്ളസ്ഥലത്തേയ്ക്ക് അർത്ഥത്തിന് ഒഴുകാൻ കഴിയുമെന്നതിനാലാണ് 'ഗർഭിതം' ഗുണപരമാകുന്നത്. അതോ ഇതോ എന്നൊരു സംശയം ജീവിതത്തിനും മരണത്തിനും ഇടയിൽ വന്നുന്നിന്ന് മജിസ്ട്രേറ്റാവുന്ന ഒരു കഥ, സാന്ദർഭികമായി ഉരുവിട്ട ഒരു ശ്ലോകത്തിൽ എത്ര സമർത്ഥമായാണ് കഥയുടെ മർമ്മം ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് നോക്കുക..

ശ്ലോകത്തിന്റെ ആകസ്മികമായ പ്രവർത്തനം രാജരാജവർമ്മ വിവരിച്ച 'ഗർഭിതമായി' ഒരു കഥയിൽ തന്നെ അനേകം കഥകൾ ഒരു ചിത്രത്തിൽതന്നെ അനേകം ചിത്രങ്ങൾ നിർമ്മിക്കുന്നു... അങ്ങനെ തകർന്നു തരിപ്പണമാകുന്ന പാരമ്പര്യക്കോവിലിലെ ഏകാഗ്രതാ വിഗ്രഹങ്ങളെയാണ് അഗ്രഹസ്തം നോക്കി ചിരിക്കുന്നത്!! . പദ്മിനിയുടെ, അവരുടെ അമ്മയുടെ, സൈമണിന്റെ, ആന്റണി ചാക്കോയുടെ, ഡേവിസിന്റെ, എല്ലാം വിശേഷണങ്ങളിൽ മെല്ലെ അഴിഞ്ഞുവരുന്ന കഥകളുണ്ട്. ചെറിയ വാക്യങ്ങളിൽ ജീവിതങ്ങൾ കിടന്നു കറങ്ങുന്നു. ഇത് ഒരു വഴിപിഴച്ച പോക്കാണ്. മുൻപായിരുന്നെങ്കിൽ ചെറുകഥയുടെ കൊക്കിലൊതുങ്ങാത്തവ കൊത്തിയെന്നോ പറയാനുള്ളതെല്ലാം വാരി വലിച്ചു നിറച്ച് കീറച്ചാക്കാക്കിയെന്നോ (പൊൻകുന്നം വർക്കിയുടെ കഥകളെപ്പറ്റി വി രാജകൃഷ്ണൻ എഴുതിയത്) വിവരിക്കുന്ന പാതിവഴിയെത്തുന്ന ഒരു രൂപകംകൂടി കഥയെ തേടി വരുമായിരുന്നു. പക്ഷേ ഇതതല്ല. ഈ സമാന്തരവലയങ്ങൾ ചേർന്നാണ് കഥയെ മുറുക്കുന്നത്. അല്പവസ്ത്രം ധരിച്ച് മരിച്ചുകിടക്കുന്ന മകനെ മടിയിലെടുത്തുവച്ച മറിയത്തിന്റെ ചിത്രത്തിനു സമാന്തരമായാണ് തോർത്തുമാത്രമുടുത്ത ചേട്ടൻ അനിയന്റെ ശിരസ്സെടുത്ത് മടിയിൽവച്ച് കിടക്കുന്നത്. വിരലിന്റെ അഗ്രംകൊണ്ട് നരച്ച മുടി പിഴുതെടുത്ത് ജീവിതം കറുപ്പിക്കാൻ.. .(.ഹ ഹ ഹ കറുപ്പിക്കാൻ) ശ്രമിക്കുന്നതിനു സമാന്തരമായാണ് ചൂണ്ടുവിരൽതന്നെ ജീവിതം ചുവപ്പിക്കുന്നത്...പദ്മിനിയുടെ നരച്ച മുടി പിഴുന്ന/ പിഴാതിരിക്കുന്ന സൈമണിൽ പദ്മിനിയെ പിഴുതെടുക്കുന്ന ദന്തീന്ദ്രന്റെ ചിത്രം കൂടി കാണുക ! (ഷെരീഫ് വരച്ച ചിത്രങ്ങൾകൂടി ചേർത്തുവച്ചു നോക്കണം കഥ. അതിലൊന്ന് അഗ്രഹസ്തം എന്ന എഴുത്താണ് അതിൽ 'അ'യുടെയും 'ഗ്ര'യുടെയും തുമ്പുകൾ രണ്ടു വിരലുകളായി രണ്ടു ദിശയിലേക്കു ചൂണ്ടുന്നു. കറുത്ത പ്രതലത്തിൽ വിരലുകൾ പിടിച്ചിരിക്കുന്ന വെളുത്ത മുടിയാണ് മറ്റൊന്ന്... ) 

. ഏതായാലും അടുത്തകാലത്ത് വായിച്ച കഥകളിൽ വല്ലാതെ ഇഷ്ടപ്പെട്ട ഒരു കഥയാണിത്. അതുകൊണ്ട് രണ്ടു പ്രാവശ്യം വായിച്ചു. ഇനിയും വായിക്കണം. അപ്പോൾ അതിൽ തെളിയാതെ കിടക്കുന്ന ഒരു ദുരൂഹത, എന്തിനായിരിക്കും അയാൾ പദ്മിനിയോട് പറയാതെ നാടുവിടാൻ തുനിഞ്ഞതെന്ന വേതാളപ്രശ്നത്തിന് ഉത്തരം കിട്ടുമായിരിക്കും. (വർഷങ്ങൾക്കു മുൻപ് ഇതുപോലെയൊന്ന് ചെയ്തതെന്തിനായിരുന്നു എന്ന് ഇപ്പോൾ ഈ കഥ ആലോചിപ്പിച്ചാൽ ?) വായിക്കുന്ന കഥകളിൽ തെറ്റായി ധരിക്കുന്ന നമ്മുടെ ജീവിതം ഉണ്ട്. പക്ഷേ അതല്ല, ഏതു സമയത്തും പരസ്പരം മാറിപ്പോകാവുന്ന ആശയക്കുഴപ്പമുണ്ടല്ലോ. വിരൽത്തുമ്പുകളിലേക്ക് ഇപ്പോൾ നോക്കുമ്പോൾ ഈ കളി എത്രയിടത്ത് കളിച്ചെന്നും തലച്ചോറു ചതിക്കാത്തതുകൊണ്ടാണ് ഇത്രടം വരെ എത്തിയതെന്നും ഇനിയുള്ള കാര്യത്തിൽ ഒരുറപ്പുമില്ലെന്നും ഇതൊക്കെ കണ്ടറിഞ്ഞവർ ലോകത്ത് വേറെയും ഉണ്ടെന്നും മനസ്സിലാക്കുന്നിടത്തുള്ള ഒരു നടുക്കം ഉണ്ട്. അതാണ് കഥയിലെ ഭാവാന്തരീക്ഷം, അല്ലാതെ സുപ്രസിദ്ധമായ സാമൂഹിക പ്രതിബദ്ധതകൊണ്ടുള്ള തിക്കുമുട്ടൽ അല്ല. 

ഒരു മലയാളംകാരൻ ഒരു കഥയെ വായിച്ച രീതിയാണ്. അല്ലാതെ അപഗ്രഥനത്തിലേയ്ക്കും വിശകലനത്തിലേക്കും ചാടിയതല്ല. മറ്റൊന്നിനും ഞാൻ ഉത്തരവാദിയല്ല.