April 29, 2016

കിട്ടിയോ?






ഒന്ന്. വ്യാകരണ പിശാചുകൾ

കലാഭവൻ മണിയും ബാബു ഭരദ്വാജും ഒ എൻ വി കുറുപ്പും കല്പനയും രാജേഷ് പിള്ളയും ഷാൻ ജോൺസണും വി ഡി രാജപ്പനും ജിഷ്ണു രാഘവനും അങ്ങനെ നമ്മളെ ഈ വർഷം വിട്ടു പിരിഞ്ഞ കലാകാരന്മാരും സാഹിത്യകാരന്മാരും ഓർമ്മിക്കപ്പെടുന്നു, രഞ്ജിത്തിന്റെ 'ലീല' എന്ന ചലച്ചിത്രത്തിന്റെ തുടക്കത്തിൽ. പക്ഷേ എല്ലാവരുടെയും പേരിനോടൊപ്പം 'ശ്രീ' യുണ്ട്.  ഈ ശ്രീയ്ക്ക് വിഷ്ണുവിന്റെ ഭാര്യവഴിക്ക് ഐശ്വര്യം, സ‌മൃദ്ധി, അഴക്, ശ്രേയസ്സ്, നന്മ, ശോഭ എന്നൊക്കെ സന്ദർഭമനുസരിച്ച് അർത്ഥം വരും. ബഹുമാനസൂചകമായും ശ്രീ എന്ന് നീട്ടി വലിച്ച്  എഴുതും. കുറേ ശ്രീ എഴുതാൻ വയ്യായ്കയാൽ 'സർവശ്രീ' എന്ന് ശ്ലോകത്തിൽ കഴിക്കുകയും ചെയ്യും ചിലപ്പോൾ. അതൊക്കെ ജീവിച്ചിരിക്കുന്ന മഹാസംഭവങ്ങൾക്കുള്ള പൂജ.  മരിച്ചവർക്ക് എന്തു ശ്രീ? കുമാരനാശാൻ 1907-ൽ തന്നെ എഴുതി. 'ശ്രീ ഭൂവിൽ അസ്ഥിരയാണെന്ന്'.  ശ്രദ്ധിക്കണം ഭൂമിയിൽ! സാഹിത്യകാരായ രഞ്ജിത്തും ഉണ്ണിയും യോജിക്കുമ്പോൾ എഴുത്തിലെങ്കിലും സംഭവം കൂടുതൽ ഭാഷാപരവുമാവേണ്ടതാണ്.. മരിച്ചവരുടെ പേരിനൊപ്പം ചേർക്കാൻ പാടില്ലാത്ത 'ശ്രീ ചേർത്ത്  വ്യാകരണത്തെറ്റോടെയാണ് ലീല (പറഞ്ഞു വരുമ്പോൾ ആ പേരും ആശാനു സ്വന്തമാണ്..) വെള്ളിത്തിരയിൽ ആരംഭിക്കുന്നത്...

സിനിമയ്ക്ക് ആസ്പദമായ, ഉണ്ണിയുടെ 'ലീലാ'കഥയിലെ ഒരു വാചകമിങ്ങനെ : 'സൂര്യൻ ചുരമിറങ്ങിക്കഴിഞ്ഞപ്പോൾ കുട്ടിയപ്പൻ  തങ്കപ്പൻ നായരോട് ലോഡ്ജിൽ ഇരുന്നാൽ മതിയെന്നും ലീലയോട് ഒന്നു കുളിച്ചിട്ടു വരാനും പറഞ്ഞു' വ്യാകരണപരമായി തെറ്റാണീ വാചകം. ചില കഥാകൃത്തുക്കൾ വ്യാകരണം തെറ്റിച്ച് വാക്യങ്ങൾ എഴുതിയിടുന്നത്, ഭാഷയുടെ സാമ്പ്രദായിക അതിരുകൾ ലംഘിച്ച് ചില ഭാവോത്തേജനങ്ങൾ നടത്താനാണ്. എന്നാൽ അങ്ങനെയൊന്നുമില്ല ഇവിടെ. 'ആഖ്യാദമെവിടെ' എന്ന സുപ്രസിദ്ധമായ ചോദ്യത്തിലൂടെ അബ്ദുൾ ഖാദറെ അനുസ്മരണീയനാക്കിയതുകൊണ്ട് വ്യാകരണ വിരുദ്ധൻ എന്ന് നാഴികയ്ക്ക് നാന്നൂറു പ്രാവശ്യം നമ്മൾ ഉരുവിട്ടുറപ്പിക്കുന്ന മുഹമ്മദ് ബഷീറിന്റെ വാങ്മയങ്ങളിലൊന്നുപോലും ഇത്തരമൊരു തെറ്റു കാണാൻ പറ്റില്ലെന്ന് മനസ്സിലാക്കണം. ഇതൊരു ശ്രദ്ധക്കുറവിന്റെയോ ഉദാസീനതയുടെയോ ഫലമാണ്. ലീലയുടെ അവസാനത്തിൽ 'ഇരുട്ടിന്റെ മഹാകാരം പൂണ്ട ആ വലിയ ജീവി (ആന) ഉപരിസുരതത്തിനെന്നപോലെ ലീലയിലേയ്ക്ക് തന്റെ ഭാരത്തെ ഇറക്കി വച്ചു' എന്നാണ് കഥാകൃത്ത് വർണ്ണിക്കുന്നത്. ഉപരിസുരതം, വാത്സ്യായനപ്രോക്തമായ ലൈംഗികക്രിയയാണ്. മലർന്നുകിടക്കുന്ന പുരുഷന്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് സ്ത്രീ അനുഷ്ഠിക്കുന്ന ബന്ധമാണത്. സ്ത്രീയ്ക്കേ അതു സാധ്യമാവൂ. പുരുഷന് അത്ര എളുപ്പമല്ല ആ ക്രിയ. ലൈംഗികബന്ധത്തിലായാൽ പോലും കീഴേ നിലയിലായ സ്ത്രീയുടെ സാമാന്യമായ സ്ഥാനത്തിനു വരുന്ന വ്യതിയാനമാണ് ഉപരിസുരതം. അങ്ങനെ ഒന്നുരണ്ടിടങ്ങളിൽ മാത്രമാണ് അവൾക്ക് മേൽ നില കൈവരുന്നതും കൂടുതൽ ചലന- നിയന്ത്രണ സാധ്യത കൈവരുന്നതും.  ഉണ്ണി കഥയിൽ ഈ സങ്കല്പത്തെയാണ് മറിച്ചിടുന്നത്, കൊമ്പനാന സ്ത്രീയിൽ ഉപരിസുരതത്തിനായി ചടഞ്ഞിരിക്കുന്ന അവസ്ഥയെ വർണ്ണിച്ചുകൊണ്ട്. ഭാവനാപരമായി വർണ്ണനയ്ക്ക് ചാരുതയും ആഘാതശേഷിയും ഉണ്ടെങ്കിലും ആശയപരമായി ആ കല്പന പൊരുത്തക്കേടുള്ളതാണ്. പുരുഷൻ സ്ത്രീ മൃഗം എന്നിങ്ങനെ ശ്രേണിയുടെ താഴെക്കിടയിൽ വരുന്ന മൃഗത്തിന് തത്കാലത്തേയ്ക്ക് ലൈംഗികക്രിയയിൽ സ്ത്രീയുടെ സ്ഥാനം നൽകിയതാണെന്നും വാദിക്കാം. ആനയ്ക്ക് ലീലയെ കൊല്ലുക എന്ന ദുരുദ്ദേശ്യമില്ലായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്, ലൈംഗികക്രിയപോലെ സുഖകരമായ കാര്യത്തിനായി ചടഞ്ഞിരിക്കുന്ന അതിന്റെ ചോദനയ്ക്കു താഴെ ഒരു ജീവൻ ഞെരിഞ്ഞമരുന്നു എന്നാന് വിവക്ഷിതം. കുട്ടിയപ്പന്റെ ഇംഗിതങ്ങൾക്കടിയിൽ അങ്ങനെ ചില ഞെരിഞ്ഞമരുലുകളെയും ഊർജ്ജത്തിന്റെ (ധനത്തിന്റെ) അനാവശ്യമായ ധൂർത്തിനെയും അങ്ങനെ ആനയെന്ന രൂപകത്തെക്കൊണ്ടുകൂടി സാധിപ്പിച്ചതിനാൽ ആ തെറ്റ് പൊറുത്തുകൊടുക്കാവുന്നതാണ്.

രണ്ട്. നട്ടുച്ചകളുടെ പാട്ട് സിനിമയിൽ

കഥയിൽ കുട്ടിയപ്പനല്ല, നൊസ്സ്. ആഖ്യാതാവായ പിള്ളേച്ചനാണ്. കുട്ടിയപ്പന്റെ പ്രവൃത്തികൾക്കുള്ള സാക്ഷിയാണ്, മുൻപ് കുട്ടിയപ്പന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന നായരുടെ മകൻ പിള്ളേച്ചൻ. കഥയിൽ അയാൾ കുട്ടിയപ്പന്റെ കാട്ടിക്കൂട്ടലുകൾക്കു പുറമേ സ്വന്തം നിലയിൽ മറ്റു ചിലതിനു കൂടി സാക്ഷിയാവുന്നുണ്ട്. അതിലൊന്ന് അമ്പലത്തിലെ മാലകെട്ടുകാരിയായ, എഴുന്നേറ്റു നടക്കാൻ വയ്യാത്ത വാരസ്യാർ ഒരു കപ്പലിൽ കൊട്ടും പാട്ടും കൂട്ടവുമായി റബ്ബർ തോട്ടത്തിലൂടെ പോകുന്ന സ്വപ്നമാണ്. രണ്ടാമത്തേത് കുട്ടിയപ്പൻ കാണിച്ചുകൊടുക്കുന്ന മഴക്കൊച്ചയെന്ന അദ്ഭുതമനുഷ്യനെ മിന്നായം പോലെ കണ്ടതാണ്. പിന്നെ ഒരിക്കൽ ആകാശത്തിലേയ്ക്ക് വെളിച്ചം പോകുന്നതും മറ്റൊരിക്കൽ കുട്ടിയപ്പന്റെ ചിരി വിടർന്ന് വയലിനു മുകളിലൂടെ പറന്ന് തെങ്ങിനു മുകളില്പോയി കവളൻ കാളിയ്ക്കൊപ്പം ഇരിക്കുന്നതും കാണുന്നു.  രണ്ടു സന്ദർഭങ്ങളിൽ കുട്ടിയപ്പൻ കണ്ണടച്ച് എന്തോ പറയുന്നത്, അയാൾക്ക് 'പ്രാർത്ഥന പോലെ തോന്നിയില്ല, എന്നാൽ പ്രാർത്ഥന പോലെ തോന്നി' എന്നാണ് വിവരണം. ഒരിക്കൽ കുട്ടിയപ്പൻ വള്ളം മറിയാതെ വെള്ളത്തെ വരുതിയിലാക്കുന്നതും അയാൾ അനുഭവിച്ചതാണ്. പിള്ളേച്ചന് വിധേയത്വംകൊണ്ട് ദിവ്യന്റെ സ്ഥാനത്താണ് കുട്ടിയപ്പൻ. അതാണയാളുടെ ദൃക്സാക്ഷിത്വംകൊണ്ട് കഥാകൃത്ത് സാധിച്ചെടുക്കുന്നത്. ഏതു ദിവ്യ(ന്റെ)പ്രഘോഷണത്തിനും പ്രവാചകൻ വേണം.

രഞ്ജിത്തിന്റെ സിനിമയിലേക്കു വരുമ്പോൾ ഈ നൊസ്സ് പതുക്കേ കുട്ടിയപ്പനിലേക്ക് കൂടുമാറുന്നു. പിള്ളേച്ചന്റെ പ്രവാചകത്വം മാറി, കാര്യങ്ങൾ മനസ്സിലാക്കാനാനുള്ള കഴിവുകുറവിലേയ്ക്ക്, മന്ദതയിലേക്ക് സംഗതി രൂപം മാറുന്നു. കുട്ടിയപ്പന്റെ നൊസ്സുകൾക്ക് അമാനുഷികത്വപ്രഭാവം കലാപരമായെങ്കിലും വരണമെങ്കിൽ അയാളെക്കാൾ താണ ഒരാളെ കൂടെ നിർത്തേണ്ടതുണ്ടെന്നതാണതിന്റെ യുക്തി. മംഗലശ്ശേരി നീഎലകണ്ഠന്റെ കൂടെയുണ്ടായിരുന്നു, നെല്ലിക്കാവട്ടിയിൽനിന്നു വീണതുപോലത്തെ പാവങ്ങൾ.  കഥയിലെ പിള്ളേച്ചന്റെ അസാമാന്യമായ ദൃശ്യവിഭ്രമങ്ങൾ ഇവിടെ കുട്ടിയപ്പനിലേക്കു മാറി, അയാൾ മരിച്ചയാളിരുന്ന് ഉണ്ണുന്നതു കാണുന്നു, കുഞ്ഞമ്മ മാലാഖയായി പാറി പറക്കുന്നതു കാണുന്നു, മാലാഖയുടെ കരിഞ്ഞ ചിറക് വൈദ്യുതക്കമ്പിൽ എരിഞ്ഞിരിക്കുന്നതു കാണുന്നു. പ്രാഞ്ചിയേട്ടനിലുണ്ടായിരുന്നു പുണ്യാളനെ കാണാനും സംസാരിക്കാനുള്ള വിഭവം.

ഉഷ, ബിന്ദു, ലീല മൂന്നു സ്ത്രീകളുടെ അടുത്തുപോയിട്ടും ആണിനു വേണ്ട കൃത്യമൊന്നും അനുഷ്ഠിച്ചില്ലെന്ന ബലത്തിലാണ് നമ്മുടെ മനശ്ശാസ്ത്ര നിരൂപണങ്ങൾ കുട്ടിപ്പാപ്പനിൽ 'ശേഷിക്കുറവ്' ആരോപിക്കുന്നത്. അതെന്തോ? പക്ഷേ ആണത്തത്തിന്റെ സ്വതന്ത്രസഞ്ചാരങ്ങളെ 'സേഫായും ഡിഫറന്റായും'  പിടിച്ചെടുക്കുന്നതിനിടയിൽ സംവിധായകന് അങ്ങനെയൊരു ഇംഗിതം സ്വപ്നത്തിൽകൂടി ഉണ്ടായില്ലെങ്കിൽപോലും, അറിയാതെ വന്നുപെട്ട വിള്ളാലായി വേണമെങ്കിൽ ആ നിഗമനങ്ങൾ പച്ചപിടിച്ച് ഇരുന്നോട്ടെ. പക്ഷേ കുട്ടിയപ്പൻ ചലച്ചിത്രത്തിൽ വിധിവിഹിതങ്ങളുടെ ഒരു ഇടനിലക്കാരനാണ്. വീട്ടിലെ പ്രായമായ ചേട്ടത്തിയ്ക്ക് പൊക്കത്തിൽനിന്ന് മലർന്നു വീണു നടുവൊടിയാൻ ഒരു വിധിയുണ്ടായിരുന്നു. അതിനു ഏണി ചാരികൊടുക്കുക മാത്രമേ താൻ ചെയ്തുള്ളൂ എന്നാണ് അയാളുടെ ഭാഷ്യം.  അച്ഛന്റെ മരണത്തിനുശേഷം ലൈംഗിക തൊഴിലിനായി തെരുവിലിറങ്ങുന്ന ബിന്ദുവിന്റെ ഉള്ളിൽകെട്ടിക്കിടന്ന വിഷാദത്തെയാകെ ഒഴുക്കിവിട്ടത് കുട്ടിയപ്പനാണ് അതും ഒരു രാത്രികൊണ്ട്. കണ്ടയുടൻ പാഞ്ഞു കയറുന്ന തരം ശ്വാസവേഗങ്ങളുടെ ഒച്ചയ്ക്കു പകരമായാണ് എണ്ണ തേയ്പ്പും പാട്ടുംകൊണ്ട് സംഗീതാത്മകമായി കുട്ടിയപ്പൻ ഉഷയുടെ കണ്ണും മനസ്സും നിറച്ചത്. ലീലയുടെ കാര്യം നോക്കുക, കഥയിലെ 16 കാരി, സിനിമയിൽ രണ്ടു മൂന്ന് വോട്ട് ചെയ്തവളായി മുതിർന്നു. അങ്ങനെ ആ കുറ്റം സിനിമയിലെ കുട്ടിപ്പാപ്പൻ കൈയൊഴിഞ്ഞു. ലീല വച്ച ഇറച്ചിക്കറിക്ക് അമ്മ വച്ചുണ്ടാക്കുന്നതിന്റെ രുചിയാണെന്ന് കുട്ടിയപ്പൻ പറഞ്ഞയുടൻ മിണ്ടാപ്രാണിയായ അവൾ വികാരതരളിതയാവുന്ന രംഗം  സിനിമയിലുണ്ട്. വീട്ടിലെ ചേടത്തി ഏണിയിൽനിന്ന് വീണ് വയ്യാതായതോടെ, ശമ്പളത്തോടുകൂടിയ സ്ഥിരഅവധിയിൽ പ്രവേശിച്ചതിന്റെ ഒഴിവിലേയ്ക്ക് റിക്രൂട്ട് ചെയ്യാമെന്നാണ് ലീലയെ വീട്ടിലേക്കുകൂട്ടിക്കൊണ്ടു പോകുന്നു എന്ന് കുട്ടിപ്പാപ്പൻ പിള്ളേച്ചനോട് പറയുന്നതിന്റെ പൊരുൾ. അവൾക്കൊരു തൊഴിൽ. അതാവുമ്പോൾ അവൾ സേഫുമാണ് സംഗതി ഡിഫറന്റുമാണ്.  ഒളിഞ്ഞുനോട്ടത്തിന്റെ സന്തോഷം ദൃക്സാക്ഷിയായ പിള്ളേച്ചന്, കച്ചവടത്തിന്റെ സന്തോഷം പാപ്പിയ്ക്ക്. അങ്ങനെ ഓരോരുത്തർക്കും വേണ്ടത് അവരവരുടെ ഉള്ളിൽനിന്നും എടുത്തു നൽകിക്കൊണ്ടാണ് കുട്ടിപ്പാപ്പൻ കുട്ടിച്ചാത്തനാകുന്നത്, അമാനുഷികനാവുന്നത്. 

മൂന്ന് : ലീലാനിരൂപണങ്ങളുടെ അപരജീവിതം

 ലീലാസാഹിത്യം ഈ വഴിയൊന്നുമല്ല പോകുന്നത്. ലീല എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രത്തെക്കുറിച്ച് സൈബർ മാധ്യമങ്ങളിൽ പ്രചരിച്ച നിരൂപണത്തിലെ യുക്തി മറ്റൊരുജീവിതമാണ്  !

ഉണ്ണി എഴുതിയ ലീല, രഞ്ജിത്ത് സംവിധാനം ചെയ്ത്, ബിജുമേനോനെക്കൊണ്ട് പാട്ടു പാടിപ്പിച്ച്,  അത്യാവശ്യം കലപിലയൊക്കെ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കി വിജയശ്രീ ലാളിതയായി പുറത്തുവരുമ്പോൾ അതിലെ പരിണാമഗുപ്തിയുണ്ട്. സ്വാഭാവികമായും സിനിമാപ്രേമികൾക്ക് കുറച്ചൊക്കെ പറയാനുണ്ടാവും, പതിവുപോലെ കഥ സിനിമയായപ്പോൾ ശരിയായില്ലെന്നും കഥയെയും കവച്ചു കടന്നു സിനിമയെന്നും. ലീലയുടെ കാര്യത്തിൽ അങ്ങനെയങ്ങ് വാതുറക്കാൻ ബുദ്ധിമുട്ടുണ്ട്, ആണത്താധികാരങ്ങളുടെയും സവർണ്ണ ബിംബങ്ങളുടെയും സംവിധായകൻ എന്ന് (ചീത്ത)പേരുകേൾപ്പിച്ചയാളാണ്. വിഷയം സ്ത്രീ പീഡനമാണ്. അതുകൊണ്ട് 'സിനിമ കൊള്ളാം, എന്നാലും കൊള്ളില്ല, എന്നാൽ കൊള്ളാം കേട്ടോ..   ' എന്ന മട്ടിലാണ് ലീലാ നിരൂപണങ്ങളുടെ ഗതി. അതങ്ങനെയേ ശരിയാകൂ..

'ലീല നെഞ്ചിൽ തൊടാതെ പോയി' എന്ന് ഒരാൾ.  ലീലയെ ഉണ്ണി കണ്ടെത്തിയതിനും അപ്പുറം രഞ്ജിത്ത് എത്തിച്ചു എന്ന്  ഒരാൾ. ലീല ഒരു സമ്പൂർണ്ണ പരാജയം എന്ന് ഒരാൾ. സിനിമ കഥയോട് നീതി പുലർത്തി എന്നൊരാൾ. കഥ പലതവണ വായിച്ച എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സംവിധായകനായില്ലെങ്കിലും തീർത്തും നിരാശപ്പെടുത്തിയിട്ടുമില്ലെന്നൊരാൾ.

 ആണുങ്ങളുടെ പീഡനങ്ങളുടെ തുടർച്ചയാണ് ചലച്ചിത്രാവസാനത്തിലെ ആനയുടെ പീഡനം എന്ന് ഒരാൾ. ആണഹന്തകളുടെയും അഹങ്കാര ഉന്മാദ മൂർച്ഛകളുടെയും നെഞ്ചത്താണ് ആ ആന ചവിട്ടുന്നതെന്ന് മറ്റൊരാൾ. സിനിമ കാണുന്ന ഓരോ പുരുഷനും അവനവന്റെ ഉള്ളിലെ ആണിലേക്ക് ഒന്നു തിരിഞ്ഞു നോക്കും. ഉറപ്പ്. എന്നദ്ദേഹം തുടരുന്നു. രത്നം പതിപ്പിച്ച കക്കൂസാണ് രഞ്ജിത്തിന്റെ ലീല എന്ന് വേറെയൊരാൾ. ആൺനോട്ടമാണ് ആ കക്കൂസ്. അവിടെ ഒറ്റയ്ക്കിരിക്കാനേ പറ്റൂ. അതുകൊണ്ട് കുടുംബവുമായി ലീല കാണാൻ പറ്റില്ല. അതാണ് കക്കൂസ് ഉപമയുടെ അവിടത്തെ സാംഗത്യം.

 M3DB യിലെ നിരൂപണത്തിൽ കുട്ടിയപ്പന്റെ ഷണ്ഡത്വമാണ് ലീല ആവിഷ്കരിക്കുന്നതെന്നാണ്. മൂന്നു സ്ത്രീകളുമായുള്ള ബന്ധത്തിലും അയാൾ കാട്ടിക്കൂട്ടുന്നത് ഇണയുമായുള്ള സംഗതികളല്ല, മറ്റെന്തൊക്കെയോ ആണ്..സ്വാഭാവികമായും ഇങ്ങനെ ഒരാൾ ലീലയെ കുടുംബജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാൽ അവളുടെ ജീവിതം മഹാദുരന്തമായിരിക്കും. അതിൽനിന്ന് അവളെ പ്രകൃതി രക്ഷിക്കുന്നതാണ് ആനയുടെ ചവിട്ടിക്കൊല..

ആൾക്കൂട്ടം എന്തിനാണ് കൈയടിക്കുന്നതെന്നറിയണമെങ്കിൽ എല്ലാംകൂടി ഒത്തുവച്ച് വായിക്കണം. കഥ മേലേയാണോ സിനിമ മേലേയാണോ എന്ന കാര്യം വിടാം. കടമ്മനിട്ട എന്ന കടമ്മനിട്ടയുടെ കവിത, കടമ്മനിട്ട എന്ന സ്ഥലത്ത് ശില്പങ്ങളാകുമ്പോഴോ, വിജയന്റെ ഖസാക്ക്, ദീപന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകമാവുമ്പോഴോ, ബഷീറിന്റെ ആട്, യൂസഫ് അറയ്ക്കലിന്റെ വർണ്ണ ചിത്രമാവുമ്പോഴോ പിന്നെ നമ്മുടെ രമണൻ തുടങ്ങിയുള്ള  സാഹിത്യകൃതികൾ ചലച്ചിത്രങ്ങളാകുമ്പോഴോ അത് മൂലത്തെ അതിശയിക്കുന്നതാണോ താഴേക്കിടയിലാണോ എന്നൊന്നും വികാരപ്പെടേണ്ട ഒരു കാര്യമൊന്നുമില്ല. കാരണം അത് കലകളുടെ ജനിതകപ്രത്യേകതകളെക്കുറിച്ചുള്ള ഗൗരവമുള്ള മറ്റൊരു ചർച്ചയാണ്. നമ്മുടെ ഭാവനയുമായി കുഞ്ഞിന് സാമ്യമുണ്ടോ എന്നല്ല, കലാസൃഷ്ടിയെന്ന നിലയിൽ  നിലനിൽപ്പ് അതിനു സാധ്യമാണോ എന്ന് നോക്കിയാൽ മതിയാകും. അതു വേറെ വിഷയമാണ്. പക്ഷേ മുകളിലെ നിരീക്ഷണങ്ങളിൽ വേറെ ചിലതുണ്ട്..

1) ലീലയെ ചവിട്ടുന്ന ആന, ആണത്താധികാരങ്ങളുടെയും ഉന്മാദങ്ങളുടെയും നെഞ്ചത്താണ് ചവിട്ടുന്നത് എന്നെഴുതിയാൽ സിനിമ കണ്ട് കുറ്റബോധം അനുഭവിക്കുന്ന ഒരു മേൽപ്പടി 'അധികാരിയെ' സംബന്ധിച്ച് പ്രസ്താവന ശരിയാകും, പക്ഷേ അതിന് ആനയുടെ കാലുകൾക്കിടയിൽപ്പെട്ട ഞെരിഞ്ഞ പെണ്ണിന്റെ വിധിയെ എന്തു ചെയ്യും? സിനിമയിൽ കാണുന്ന ഓരോ ദൃശ്യത്തിനും ഇങ്ങനെ ഭാവനാത്മകമായി  കല്പനകളുണ്ടാക്കാം. പോലീസ് നിരപരാധിയെ ഇടിച്ചു ചതയ്ക്കുമ്പോൾ ഇടി ഏൽക്കുന്നത് നീതിക്കു മേലാണ് എന്നു പറയാം. ശരി. അപ്പോൾ നായകൻ വില്ലനെ ഇടിച്ചു മലർത്തുമ്പോൾ മലരുന്നത് നായകത്വമാണോ? ആണത്താധികാരത്തെ ഞെരിക്കാൻ ആണത്താധികാരത്തെയല്ലേ ഞെരിക്കേണ്ടത്, പാവം മിണ്ടാപ്രാണിയായ പെണ്ണിനെ ഞെക്കിക്കൊല്ലുന്നതെന്തിന്? ഒരു പെണ്ണിനെ കൊന്നു കെട്ടിത്തൂക്കിക്കാണിച്ചാൽ സ്ത്രീ പീഡനം നിൽക്കുമോ? മദ്യം കുടിക്കുന്നതു കാണിച്ചാൽ മദ്യാപാനാസക്തി ഒഴിയുമോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടിവരും മേൽപ്പടി വാക്യം ശരിയാണെന്നു വിശ്വസിക്കാൻ.

2) ലീല കക്കൂസാകുന്നത് അവിടെ ഒറ്റയ്ക്കേ പോകാൻ പറ്റൂ എന്നതുകൊണ്ടും, അവിടെ മനുഷ്യൻ നഗ്നനാവുന്നു എന്നതുകൊണ്ടുമാണെന്ന് നമ്മൾ ഊഹിച്ചു മനസ്സിലാക്കും.  ചീത്ത അർത്ഥമല്ല ആ ഉപമയ്ക്കുള്ളത് .  ആൺനോട്ടങ്ങളുടെ മ്ലേച്ഛത വിവരിക്കാൻ ലേഖകൻ ഉപയോഗിച്ചതാണ് അനലോജി. ആണുങ്ങൾക്കു മാത്രമെടുത്ത സിനിമയും ആണുങ്ങൾ മാത്രമുള്ള ലോകവുമാണെങ്കിലല്ലേ അതിന്റെ രൂക്ഷത പ്രവർത്തിക്കൂ? പെണ്ണുങ്ങൾക്കും ഉപയോഗത്തിലുള്ളതാണല്ലോ പ്രസ്തുത ഇടം. രത്നം എന്താണദ്ദേഹം പറയുന്നില്ല. കലാസൃഷ്ടി എന്ന രത്നമാണോ?  ആയിരിക്കും. ആണിന് നഗ്നനായി ഇരുന്ന് സ്വയം പുച്ഛിക്കാനുള്ള ആഢംബരമുള്ള ഒരിടമാണ് ലീല എന്ന സിനിമ എന്നാണ് ലേഖകൻ ഉദ്ദേശിച്ചത്. എങ്കിലും ആനയെക്കാളും പിണ്ടത്തേക്കാളും കടുത്തുപോയില്ലേ സ്ത്രീകളെ പരിഗണിക്കാത്ത ആ പ്രയോഗം !

3) വളരെ പ്രധാനപ്പെട്ട നിരീക്ഷണം കുട്ടിയപ്പന്റെ ഷണ്ഡത്വത്തെക്കുറിച്ചുള്ളതാണ്. ഉണ്ണിയുടെ കഥയിലും ലീല ഉൾപ്പടെ  ഒരു സ്ത്രീയെയും കുട്ടിയപ്പൻ പ്രാപിക്കുന്ന കാര്യം വാച്യമായി പറയുന്നില്ല. അടൂരിന്റെ കൊടിയേറ്റം,  ഫാസിലിന്റെ മണിച്ചിത്രത്താഴ്, ജോഷിയുടെ നരൻ, കലി.. അങ്ങനെ നോക്കിയാൽ മലയാള സിനിമയിലെ നായകന്മാരിൽ ഭൂരിഭാഗത്തിനും ഷണ്ഡത്വമോ ലൈംഗിക ഭീരിത്വമോ ആരോപിച്ചു കൊടുക്കുന്ന പതിവുണ്ട്. (എന്തിന് വി ടി ഗോപാലകൃഷ്ണന്റെ 'മാംസനിബദ്ധമല്ല രാഗം' കുമാരനാശാന് ഇതേ സംഗതി വച്ചുകെട്ടിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നായകന്മാരുടെ പ്രവൃത്തികൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട്...രമണനും ഉണ്ടായിരുന്നത്രേ അമ്മാതിരിയൊക്കെ ചിലത്... )

അത്രയുംകൊണ്ട് നിർത്താതെ അങ്ങനെയൊരാൾ ലീലയെ കുടുംബത്തിലേക്കു കൂട്ടുന്നതു ദുരന്തമാണെന്നും കൂടി ലേഖകൻ ലീലാനിരൂപണത്തിൽ എഴുതി വച്ചിരിക്കുന്നു. ഒരു മണിക്കൂർ നേരത്തേയ്ക്ക് ആനയെ വിട്ടു കിട്ടാൻ കുട്ടിയപ്പൻ കൊടുക്കുന്നത് ഒരു ലക്ഷം, ലീലയ്ക്കു വേണ്ടി തങ്കപ്പൻ നായർക്ക് വീടുനന്നാക്കാനും മറ്റുമായി കൈയ്യിൽ വച്ചുകൊടുക്കാമെന്നു പറഞ്ഞത് 2 ലക്ഷം.  ഒരു ഭ്രാന്തിനു പിന്നാലെ അലയുന്ന ഒരുത്തന് ഇത്രയൊക്കെ പോരേ അയാൾക്ക് ഉണ്ടെന്ന് നമ്മളെ സംശയിപ്പിക്കുന്ന ഒരു 'കുറവ്' നികത്താൻ. കഥയിലെ കുട്ടിപ്പാപ്പൻ പത്രം വായിക്കാത്ത ആളാണെങ്കിലും വിവരത്തിനു കുറവില്ലാത്തവനാണ്. ബ്രസീലിൽനിന്ന് കാപ്പിയുമായി പോയ കപ്പലിലെ അടിമകളുടെ ഒരു ദുരന്ത കഥ അയാൾ ഒരിടത്ത് പിള്ളേച്ചനു പറഞ്ഞുകൊടുക്കുന്നുണ്ട്. അപ്പോൾ പിന്നെ കോട്ടയം കാരനായ അയാൾ മലയാലമനോരമയിൽ നിത്യേന എന്നോണം വരുന്ന 'കൊമ്പിടാൻ പരസ്യങ്ങളുടെ' കാര്യം അറിയാതിരിക്കുമോ? വഴിക്കവലകളിലെ പോസ്റ്ററുകൾ കാണാതിരിക്കുമോ? വൈദ്യന്മാർ വീട്ടിൽ വന്ന് കഷായം കാച്ചുന്ന അയാൾക്കറിയില്ലേ ഷണ്ഡത്വത്തിന് എന്തു ചെയ്യണമെന്ന്? അതു മാത്രമല്ല. അങ്ങനെയൊരു ദുരന്തത്തിൽനിന്ന് രക്ഷിക്കാനാണ് പ്രകൃതി - ശ്രദ്ധിക്കണം- ആനയല്ല -   ലീലയെ കൊന്നതെന്ന്... അതെന്തു ദുരന്തം?


സത്യത്തിൽ ലീല, കഥയായും സിനിമയായും വന്നു നിന്ന് ആണത്തധികാരത്തെയൊക്കെ വിചാരണ ചെയ്യുന്നുണ്ടോ? സംശയമാണ്. സിനിമ കണ്ട് കുറ്റബോധം തോന്നുന്നത് വേറെ കാര്യം. കലാപരമായ യുക്തി മറ്റൊരു കാര്യം.. ആണുങ്ങൾ എടുത്ത സിനിമയെപ്പറ്റി, 'ആണുങ്ങൾ'തന്നെ വിചാരപ്പെട്ട് എഴുതുന്നതിന്റെ ഏനക്കേടാണ് മൊത്തം വാങ്മയങ്ങളിലും.. നേരത്തേ പറഞ്ഞതുപോലെ നായകൻ കഥാന്ത്യത്തിൽ വില്ലനെ ഇടിച്ചു സുയിപ്പാക്കിയത്, സിനിമയിലെ നായകത്വത്തെ തകർക്കാനുള്ള കലാപരമായ ആവിഷ്കാരമാണെന്ന് എഴുതി വയ്ക്കും പോലെയാണ് കാര്യങ്ങൾ..

April 21, 2016

കവിതയുടെ തറ, കവിതയുടെ പന



ബ്ലോഗ് കവിത, ഫെയിസ്ബുക്ക് കവിത എന്നൊക്കെ കവിതയുടെ ഇലക്ട്രോണിക് അസ്തിത്വത്തെപ്പറ്റി ഗവേഷണം തന്നെയും നടക്കുന്ന കാലമാണ്. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കവിതകളുടെ പ്രളയകാലമാണ്. കഥ, ലേഖനം, പഠനം തുടങ്ങിയ വ്യവഹാരരൂപങ്ങളേക്കാൾ പ്രസിദ്ധീകരണത്തിനും വായനയ്ക്കും എളുപ്പം സാധ്യമാവുന്നതുകൊണ്ടാണ് ഗ്രൂപ്പുകളിൽ കവിത പ്രാമുഖ്യം നേടുന്നത്. പുതിയമാധ്യമത്തിന്റെ സ്വഭാവസവിശേഷതകളിൽ കൈയടക്കം വന്നവരൊന്നുമല്ല ധാരാളമായി എഴുതുന്നത്. മുന്നിൽ തുറന്നുകിട്ടിയ സാധ്യത ഉപയോഗിക്കുന്നവരാണ്.

ഒരു പൊതു ഗ്രൂപ്പിൽ ഇങ്ങനെ നിരന്തരമായി വന്നു മുട്ടി വിളിക്കുന്ന ആത്മാവിഷ്കാരങ്ങൾ  കത്തിവയ്ക്കലൊന്നും ഇല്ലാതെ കടന്നുവരുന്നതുകൊണ്ടാവും,  ചില സംശയങ്ങൾ ഉണർത്തിവിടും.  പക്ഷേ കവികൾ അവയ്ക്ക് ഉത്തരം തരാൻ ബാധ്യസ്ഥരല്ലെന്നതാണ് പൊതു നിലപാട്. കവിതയെന്നാൽ കവി എഴുതുന്നതാണ്, കവിയെന്നാൽ കവിത എഴുതുന്നയാൾ... വായന പലതരത്തിലുള്ളതാണെങ്കിലും കവിതയിൽ ഒരു 'ദുസ്താംബരം' വന്നാലും അതെന്താണെന്ന് ചോദിക്കരുത്. ഈ നിലപാടിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നൊരു പ്രശ്നമുണ്ട്. മിക്കപ്പോഴും കവിയുടെ സുഹൃത്തുക്കൾ എന്ന വിഭാഗം കവിതയെപ്പറ്റിയുള്ള ഒരു സംഭാഷണത്തിനും പഴുതില്ലാത്തവിധം തങ്ങളുടെ വിധേയത്വവും വിവരക്കേടും ഒന്നിച്ചു വെളിവാക്കാറുമുണ്ട്. കവി സ്ത്രീയാണെങ്കിൽ സർവത്ര പൂവമ്പുകളാണ് തലങ്ങും വിലങ്ങും. ഒരു ഗ്രൂപ്പിൽതന്നെ പല ഗ്രൂപ്പുകൾ !

പഴയതുപോലെ കവി ഒരു നിഷ്കളങ്ക(ന/യ)ല്ലെന്നും പരിസരത്തിന്റെ സമ്മർദ്ദങ്ങൾ അയാളിൽ കാര്യമായിതന്നെ പക്ഷപാതത്തോടെ പ്രവർത്തിക്കുന്നു എന്നും നമുക്കറിയാം. അയാള അപ്പോഴും അതറിയണമെന്നില്ല. ഒരു വാക്കു മാറിയാൽ മതി ആശയം മാറാൻ. കുറച്ചു ദിവസം കണ്ട ഒരു കവിത :
എട്ടിൽ പഠിക്കുന്ന പൊട്ടൻ മനുവിന്റെ
കാച്ചിലിന്റെ രൂപത്തിലുള്ള ഭൂപടത്തിൽ
കാശ്മീരുണ്ടായിരുന്നില്ല.
ഗാന്ധിയനും ചരിത്രാധ്യാപകനുമായ
ഹമീദ് മാഷ്
ദീർഘമായി നിശ്വസിച്ചു.
മനൂന് ഏ പ്ലസ്
മനു പാസ്സായി (സമാധാനത്തിന്റെ ഭൂപടം)

മനൂന്റെ കാശ്മീരില്ലാത്ത ഭൂപടം കണ്ട് ഹമീദ് മാഷ് സമാധാനിക്കുന്നത് എന്തിന്? ഒരു 'ഹരി' സമാധാനിക്കുന്നതിന്റെ അർത്ഥമല്ല ഇന്നത്തെ വർത്തമാനകാലാവസ്ഥയിൽ ഹമീദ് സമാധാനിക്കുന്നത്. അതിർത്തികൾക്കപ്പുറം മനുഷ്യസ്നേഹത്തെ കാണാനാവാത്തതുകൊണ്ടാണ് ഇത്തരമൊരു കുൽസിത ചോദ്യം എന്നായിരുന്നു കവിയുടെ ആദ്യത്തെ നിലപാട്. അതിർത്തികളില്ലാത്തെ ലോകമാണെങ്കിൽ എങ്കിൽ എന്തിനത് കാശ്മീരിലേക്കു തന്നെ നോക്കണം?  ഇതേ കവിത പിന്നീട് പറഞ്ഞതു പോലെ 'ഹരി മാഷാ'യും പിന്നെ 'ഞാനാ'യും മാറി.. ഇ-തലങ്ങൾക്ക് അങ്ങനെ സൗകര്യമുണ്ട്. അപ്പോഴും കവിതയെ ആദ്യത്തെ നിലയിൽതന്നെ പ്രതിരോധിക്കാനും കവിത വന്നയുടൻ അതിനെ തം‌പ്സ് അപ്പും പൂക്കളും ചിഹ്നങ്ങൾകൊണ്ട് അഭിനന്ദിക്കാനും ഗ്രൂപ്പംഗങ്ങൾ കാണിച്ച വ്യഗ്രത അദ്ഭുതമായി അവശേഷിക്കുന്നു.. അപ്പോൾ കവിത രാഷ്ട്രീയ ശരിയാവേണ്ടതില്ലേ?

മറ്റൊരാളുടെ കവിത :
ഇറങ്ങാൻ വൈകും തീർച്ച
പല്ലുതേയ്ചിട്ടില്ല
കുളിച്ചിട്ടില്ല
ഒന്നും ചെയ്തിട്ടില്ല
ഒടുവിൽ കുളിമുറിയിൽ ഓടിക്കയറിയപ്പോൾ
ചുമരിൽ ഒരൊച്ച്
എന്നോട് ചോദിക്കുന്നു തിരക്കു പിടിച്ച് എവിടേയ്ക്കാ?

പി എൻ ഗോപീകൃഷ്ണന്റെയൊക്കെ കവിതകളിൽ പേനും മൂട്ടയും ഒച്ചും ചെറിയ മീനുമൊക്കെ പ്രതീകങ്ങളായും ചിത്രങ്ങളായും ഒക്കെ വരുന്നുണ്ട്. പ്രത്യേക ലക്ഷ്യത്തോടെ. ഇവിടെ ഒച്ച് ഒരു മനുഷ്യനെ ഒരു പാഠം പഠിപ്പിക്കുകയാണ്. അതാണ് ശരിയെന്നാണ് കവിതയുടെ മട്ട്. പരിണാമത്തിൽ വളരാതെ തറഞ്ഞുപോയ ഒരു കേസാണ് ഒച്ച്, അതിനു കുളിക്കണമെന്നില്ല, പല്ലു തേക്കണമെന്നില്ല, ജോലി ചെയ്ത് സമ്പാദിക്കണ്ട,  നമ്മൾ ആരുടെയെങ്കിലും കുളിമുറിയിലല്ല താമസം. അങ്ങനെ നിലവിൽ ജീവശാസ്ത്രപരമായി എത്രയോ താഴെ നിൽക്കുന്ന ഒരു ജീവിയുടെ മന്ദത എന്ന ഗുണം 2016 ൽ ഒരു കവിയ്ക്ക് ശ്രേഷ്ഠമായി തോന്നുന്നത് എന്തുകൊണ്ട്? ഈ ലവലിൽ വച്ചുപിടിച്ചാൽ ഭൂമിയിലെ അനന്തവൈചിത്ര്യമാർന്ന ഓരോ ജീവിയുടെയും ഒറ്റപ്പെട്ട വിശേഷങ്ങളെ എടുത്ത് അതൊന്നും മനുഷ്യനില്ലാത്തതിനാൽ പുച്ഛിക്കാം. ആനയെപോലെ കൊമ്പില്ലാത്തതിന്, മയിലിനെപ്പോലെ പീലിയില്ലാത്തതിന്, ആമയെപോലെ തല വലിക്കാൻ പറ്റാത്തതിന്...പ്രകൃതി നമ്മളെ പാഠങ്ങൾ പഠിപ്പിക്കുന്നു എന്നത് പഴയ സങ്കൽപ്പവുമാണ് ( ഒളപ്പമണ്ണയുടെ' എന്റെ വിദ്യാലയം') പക്ഷേ ചോദ്യങ്ങൾ കവിയെയും കൂടുതലായി അയ്യപ്പസേവാസംഘത്തെയും പ്രകോപിപ്പിക്കുകയാണുണ്ടായത്. 2016 ൽ എഴുതുന്ന ഒരു കവിതയ്ക്ക് ജീവശാസ്ത്രപരമായ സാംഗത്യമൊന്നും ആവശ്യമില്ലേ?

പൂരപ്പറമ്പിൽ എന്നാണ് മറ്റൊരാളുടെ കവിതയുടെ പേര്.
'പൂരപ്പറമ്പിൽ വാക്കുകളുടെ കുടമാറ്റം' - എന്നാണ് കവിത തുടങ്ങുന്നത്. ശ്ലീലാശ്ലീലങ്ങളുടെ അതിരൊപ്പിച്ച് വെട്ടിയുണ്ടാക്കുന്ന വാക്കുകൾ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നുണ്ട്, ആനകളുടെ കാൽച്ചുവട്ടിലുണ്ട്, ആരുടെയോ പല്ലുകൾക്കിടയിലുണ്ട്, പൊട്ടിത്തെറിക്കുന്നുണ്ട്, വാക്കുകൾ വച്ച് മാലകൊരുക്കുന്നുണ്ട്, അവസാനം വാക്കിന്റെ ഞാണിലൂടെ മടക്കയാത്രയായി' എന്ന് അവസാനിക്കുന്നു. ആര്? സർ റിയലിസ്റ്റു ഭാവനവേണം കവിതയിലെ കർത്താവ് ആരെന്നു കണ്ടു പിടിക്കാൻ.  അതു വരിതോറും മാറുകയാണ്. അവസാനം 'നമ്മൾ' എന്നോ 'ജീവിത'മെന്നോ ഉള്ള കർത്താവിന്റെ ഉപകരണം എന്ന നിലയിൽ ഉറപ്പിക്കുക.  വാക്കുകൾകൊണ്ടുള്ള ഞാണിന്മേൽ കളിയാണല്ലോ ജീവിതം. അപ്പോഴും വലിയൊരു പ്രശ്നം, പുറ്റിങ്ങൽ/തൃശ്ശൂർ പൂരപ്പറമ്പിനെ കവിതയിലേക്കു കൊണ്ടുവരാമെന്നല്ലാതെ 'പൂര
പ്പറമ്പിൽ വാക്കുകളുടെ കുടമാറ്റം' എന്ന സങ്കൽപ്പത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? അങ്ങനെ പറയണമെങ്കിൽ പ്രസ്തുത പറമ്പിൽ വാക്കുവച്ച് എന്തെങ്കിലും നടന്നിരിക്കണം. അല്ലെങ്കിൽ 'വാക്കുകളുടെ പൂരപ്പറമ്പിൽ' എന്നു തിരിച്ചിടണം.. ഭാഷാപരമായി ഒരു കൃത്യതയും വേണ്ടേ കവിതയ്ക്ക്?

ഇതേ കവിയുടെ മറ്റൊരു കവിത  (ഒടുക്കം) 'നീയും ഞാനും ചേരുമ്പോൾ ഒരു കവിത പിറക്കുന്നു' എന്നാണ് തുടങ്ങുന്നത്. എന്തൊക്കെയോ ആയി അവസാനം പൊട്ടിത്തെറിക്കുകയാണ് നമ്മൾ. അതാണ് ഒടുക്കം. ഇടയ്ക്ക് സ്വയംഭൂവായൊരു ശിവലിംഗം അഭിഷേകം കാത്തുറയുന്നു (എന്തിനെന്ന് ഇല്ല) അതിൽ തന്നെ ഖിയാമായി നമ്മൾ അലയുന്നു എന്നും ഉണ്ട്. എവിടുന്നാണ് ഈ 'ഖിയാം' വന്നത്. എന്താണ് കവിതയിൽ ഈ അപൂർവ വാക്കിന്റെ പ്രസക്തി? ഒന്നിനും ഉത്തരമില്ല.. പക്ഷേ പതിവുപോലെ.. 'വാചാമഗോചരമായിരിക്കുന്നു ടീച്ചറെ സങ്കല്പങ്ങൾ' എന്ന മട്ടിലുള്ള പ്രശംസാവചനങ്ങൾക്കും പൂക്കൾ ചിത്രങ്ങൾക്കും ഒരു കുറവും ഇല്ല.
വാക്കിന്റെ അന്തരീക്ഷങ്ങളെപ്പറ്റി ഒരു ധ്യാനവും ആവശ്യമില്ല കവിതയ്ക്ക് എന്നാണോ?

ഉദാഹരണങ്ങൾ ഇനിയും ധാരാളമുണ്ട്. ദാമ്പത്യത്തിന്റെ വീർപ്പുമുട്ടൽ അനുഭവിക്കുന്ന സ്ത്രീയെ ആവിഷ്കരിക്കുന്ന ഒരു കവിത തുടങ്ങുന്നത് 'ഹൃദയത്തിന്റെ വേരുകൾക്കിടയിൽ മതചിഹ്നങ്ങൾ നാണിച്ചൊരുങ്ങിയിരിക്കുന്ന  മാംഗല്യചിഹ്നം' നൂലിൽകൊരുത്ത് അവൾ അണിയാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. കല്ലടക്കങ്ങളുടെ വേരു തീണ്ടാതെ എല്ലാ ധാരണകളുടെയും അവകാശിയായതിനെ ഹൃദയത്തോട് ചേർത്തു വച്ചിരിക്കുന്നുവെന്ന് ധരിച്ചോട്ടേ എന്ന് കവിത അവസാനിക്കുന്നു. 'പൊട്ടിമാറുമ്പോൾ വിളക്കിച്ചേർത്ത് ധരിക്കാറുണ്ട്.. എന്നൊക്കെയുള്ള വരികൾ മനസ്സിലാക്കാം പക്ഷേ എന്താണ് കല്ലടക്കങ്ങളുടെ വേരു തീണ്ടാതെ എന്നു പറഞ്ഞാൽ? കഴുത്തിൽ കിടക്കുന്ന താലിമാല ആദ്യം പോയി ഹൃദയത്തിന്റെ വേരു പരതിയതിന്റെ അടിസ്ഥാനമെന്താണ് ?
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന ക്ലീഷേകൾകൊണ്ടാണോ കവിതയെ ഭാഷയുടെ സൂക്ഷ്മപ്രയോഗമാക്കേണ്ടത്?

ഇല്ലാത്ത ഗൗരവം കവിതയ്ക്ക് കൊടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വർത്തമാനകാല സംഭവങ്ങളെയും അപൂർവ ബിംബങ്ങൾ എന്നപേരിൽ പ്രയാസപ്പെട്ട് നിർമ്മിക്കുന്ന വാഗ് പ്രയോഗങ്ങളുടെയും കാതൽ. ഇവയൊന്നും ഗൗരവമായി ശ്രദ്ധിക്കേൺറ്റ കാര്യമല്ലെന്നു വാദിക്കാം. പക്ഷേ സേവാസംഘങ്ങൾ കാറി കൂവി ഇളിച്ച് കാട്ടിക്കൂട്ടുന്ന കവിതാ പരാക്രമങ്ങൾ അത്ര ചെറിയ കാര്യമല്ല. എഴുത്തിൽ മാത്രമല്ല വായനയിലും ശ്രദ്ധയും ധാരണയും ഇല്ലാതായി വരുന്നതിന്റെ പ്രകടനപത്രികയാണ്. കവിതയുടെ കാര്യത്തിലായാൽ പോലും ചെറിയകാര്യമല്ല. പക്ഷപാതങ്ങൾ!